Home » News » വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍
Swami Vivekanandan

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍

ദര്‍ശനം എന്ന വാക്കിന് ഉള്‍ക്കാഴ്ച എന്നു നേരെച്ചൊവ്വെ അര്‍ത്ഥം പറയാം. ‘ദൃശ്യ തേനേന ഇതിദര്‍ശനം’ എന്ന് നിഷ്പത്തിശാസ്ത്രം ആ വാക്കിന് അര്‍ത്ഥം പറയുന്നു. കാണുന്നതിനും അപ്പുറത്തുള്ള കാഴ്ചയാണ് യഥാര്‍ഥമായ ദര്‍ശനം. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ച ആശയദര്‍ശനങ്ങള്‍ ഈ ദര്‍ശനവിചാരത്തിന്റെതാണെന്നു കാണാം. വേദമെന്നത് കേവലം ഒരു വാക്കല്ല, വിവേകാനന്ദസ്വാമികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവിതപശ്ചാത്തലമാണ്. വിവേകാനന്ദ ജീവിതത്തിലൂടെയും വിവേകാനന്ദ സാഹിത്യത്തിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതാവഹമായ വൈദികപശ്ചാത്തലം നമുക്കു ദൃശ്യമാകും. വിവേകാനന്ദന്റെ ജീവിതപശ്ചാത്തലം രൂപപ്പെടുന്നതില്‍ വേദങ്ങള്‍ക്കുണ്ടായ സ്വാധീനം, വിവേകാനന്ദന്റെ വേദങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍, വേദത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, പ്രാഥമികമായ വിചാരങ്ങള്‍, വേദമഹത്ത്വം എന്നിവയെക്കുറിച്ചെല്ലാം നാം വിശ്ളേഷണം ചെയ്യേണ്ടിയിരിക്കുന്നു.

ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെക്കൊണ്ട് വേദാന്തഗ്രന്ഥങ്ങള്‍ വായിപ്പിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നമുക്ക് ശ്രീരാമകൃഷ്ണവചനാമൃതത്തില്‍ വായിക്കാം. വേദാന്തം കൂടാതെ യോഗം, അധ്യാത്മരാമായണം, ഉപനിഷത്തുക്കള്‍ എന്നിവയും വേദമന്ത്രങ്ങളും ഇത്തരം സ്വാധ്യായ അവസരങ്ങളില്‍ കടന്നുവരുന്നു. ശ്രീരാമകൃഷ്ണന്‍ ഛാന്ദോഗ്യം, മുണ്ഡകം, ബൃഹദാരണ്യകം, മാണ്ഡൂക്യകാരിക എന്നിവയെല്ലാം നരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടിയെന്നവണ്ണം വായിപ്പിച്ചുകൊണ്ടിരുന്നു. അതൊരു അഭ്യസനമായിരുന്നുവെന്നുതന്നെ പറയാം. ഉപനിഷത്തുക്കള്‍ ശ്രീരാമകൃഷ്ണ ജീവിതം തന്നെയാണെന്നായിരുന്നു വിവേകാനന്ദ വീക്ഷണം. അങ്ങനെ സ്വരൂപപ്പെട്ടതാണ് വിവേകാനന്ദന്റെ വ്യക്തിത്വം. അത്തരത്തിലുള്ള ഒരു പരിശീലനമാണ് നരേന്ദ്രനു ശ്രീരാമകൃഷ്ണന്‍ നല്‍കിയത്. ഭാരതത്തിന്റെ പുത്രനായി സ്വയം കരുതിയ വിവേകാനന്ദന്‍ താന്‍ ഋഷിപുത്രനാണെന്നു പറയാറുണ്ടായിരുന്നു. ആധുനികരില്‍ ആധുനികനായിരിക്കുമ്പോഴും ആരണ്യകങ്ങളില്‍ അധിവസിക്കുന്ന ഋഷിമനസ്സ് എന്നും വിവേകാനന്ദന്‍ കാത്തുസൂക്ഷിച്ചിരുന്നു. ഒരു സ്വപ്നത്തില്‍ പരിപാവനമായൊരിടത്ത് കൂട്ടംകൂടിയിരിക്കുന്ന ഋഷിമാരുടെ ഇടയില്‍ ഒരു യുവാവ് ‘കേള്‍ക്കൂ, അല്ലയോ അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളെ…” എന്നിങ്ങനെ അഭിസംബോധന ചെയ്യുന്ന (ശ്വേതാശ്വതരോപനിഷത്ത് 2.5) രംഗം കാണുന്നുണ്ട്. അസാമാന്യമായ സ്വരവിന്യാസത്തോടെ, അഭൂതപൂര്‍വ്വമായ മധുരശബ്ദത്തോടെ ഏതൊരു കേള്‍വിക്കാരനെയും പുളകമണിയിക്കുന്ന തരത്തില്‍ സ്വാമിജി വേദമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നത് അത്ഭുതകരമായ രംഗമായിരുന്നു. എവിടെനിന്നാണ് ഇതു പഠിച്ചതെന്ന് ചോദിക്കുമ്പോള്‍ താന്‍ സ്വപ്നത്തില്‍ പ്രാചീനഭാരതത്തിലെ ഏതോ ഗഹ്വരോമുഖതസങ്കേതത്തില്‍ സ്വയം വേദമന്ത്രങ്ങള്‍ ചൊല്ലുന്നതു കാണുന്നുവെന്നും ആ സ്മരണയുടെ തിരത്തല്ലിലാണ് ഇപ്പോഴതു ചെയ്യുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. ’1. അത്തരമൊരു വിശദീകരണം കാണുക. ‘ആ യുഗത്തിനൊടുവില്‍ വൃദ്ധനായ ഒരാള്‍ വലിയ നദിക്കരയിലിരിക്കുന്നതു ഞാന്‍ കണ്ടു. തമസ്സിന്റെ കല്ലോലങ്ങള്‍ അയാള്‍ക്കു മുകളില്‍ വന്നണയുന്നു. അപ്പോള്‍ ഞാനുണര്‍ന്നു. വേദം ചൊല്ലാനാരംഭിച്ചു. പ്രാചീനകാലത്ത് നാമുപയോഗിച്ചിരുന്ന രാഗവും താളവുമായിരുന്നു അത്. ശങ്കരാചാര്യര്‍ അനുഭവിച്ചറിഞ്ഞ അതേ വേദാന്തര്‍ഗതമായ ദേശീയ സ്വരാവഹരോഹണവും താളവും അനുഭവിച്ചറിഞ്ഞിരുന്നു. തീര്‍ച്ചയായും എന്നെപ്പോലെ ശങ്കരാചാര്യര്‍ക്കും ചെറുപ്പത്തില്‍ ഈ താളം സ്വപ്നത്തിലൂടെ ദൃശ്യമായിരുന്നിരിക്കണം. അങ്ങനെയായിരിക്കാം ആ പ്രാചീനമായ സംഗീതത്തെ ശങ്കരന്‍ സാക്ഷാത്ക്കരിച്ചത്. ‘2. സ്വാമി വിവേകാനന്ദന്‍ ഈ കാഴ്ച പരിവ്രാജകകാലത്ത് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. 1888 ജനുവരിയിലാണെന്നു തോന്നുന്നു. ഗുരുനാഥനായ ശ്രീരാമകൃഷ്ണന്‍ സമാധിയായ രണ്ടു വര്‍ഷത്തിനുശേഷം മറ്റൊരു ദര്‍ശനമുണ്ടായി. ഒരു വൃദ്ധന്‍ സൈന്ധവതാഴ്വരയില്‍ ഋഗ്വേദമന്ത്രങ്ങള്‍ ഉരുക്കഴിക്കുകയാണ്. ഗ്രിഗോറിയന്‍ സ്വരഭേദങ്ങള്‍ക്ക് തുല്യമായ അസാധാരണ സ്വരവിന്യാസങ്ങളാണ് ആ മന്ത്രങ്ങളിള്‍ തിളങ്ങിനിന്നത്. ഗായത്രിക്കു സ്തുതിപാടുന്ന മന്ത്രങ്ങളായിരുന്നു വിവേകാനന്ദന്‍ സ്വപ്നത്തിലൂടെ ഇങ്ങനെ കാണാനിടയായത്. അല്ലയോ വന്നാലും, പ്രകാശസ്വരൂപനായ അങ്ങ്, എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ മൂന്നക്ഷരങ്ങളിലൂടെ ബ്രഹ്മത്തെ പ്രകാശമാനമാക്കുന്ന അല്ലയോ വൈദികമന്ത്രങ്ങളുടെ മാതാവായ ഹേ ! ഗായത്രീ, അങ്ങേയ്ക്കു സ്തുതി. അങ്ങ് ബ്രഹ്മത്തില്‍ നിന്നാണ് കിളിര്‍ത്തുവന്നിട്ടുള്ളത്.

പ്രാചീന ഋഷിമാരുടെ വൈദിക സ്വരവ്യവസ്ഥ ഈ സ്വപ്നത്തിലൂടെ തിരിച്ചുപിടിച്ചതായി വിവേകാനന്ദന്‍ കരുതി. തന്റെ ഗുരുനാഥനും ഇങ്ങനെ അനുഭവമുണ്ടായതായും ഇതാണ് വേദതാളമെന്നും വിവേകാനന്ദന്‍ കരുതി. ശങ്കരാചാര്യ സ്വാമികളുടെ കൃതികളിലും ഈ താളം കണ്ടെത്താന്‍ കഴിഞ്ഞതായും അദ്ദേഹം വിശ്വസിച്ചു. 3. ഇതേപോലെ സ്വാമിജി തന്റെ സഹോദരസംന്യാസിമാര്‍ക്കും വേദശിക്ഷണം നല്‍കിയ ഒട്ടേറെ അവസരങ്ങള്‍ നമുക്കു കാണാം. സ്വാമി പ്രേമാനന്ദ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്.

4. ഒരു ഗ്രന്ഥപഠനമെന്ന നിലയില്‍ വിവേകാനന്ദന്റെ വേദശിക്ഷണം നടന്നത് ഗുജറാത്തിലാണെന്നു പലര്‍ക്കുമറിയാത്ത കാര്യമാണ്. പോര്‍ബന്ദറില്‍ സുദാമ്പൂര്‍ ഗവര്‍ണ്ണറായിരുന്ന ശങ്കര്‍പാണുരംഗിന്റെ അതിഥിയായി സ്വാമി വിവേകാനന്ദന്‍ താമസിച്ചിരുന്നു. ഭാരതത്തിലുടനീളം സഞ്ചരിച്ച തനിക്ക് പാണ്ഡുരംഗിനെപ്പോലൊരു വേദപണ്ഡിതനെ കാണാന്‍ കഴിഞ്ഞില്ലെന്നു രേഖപ്പെടുത്തുന്നുണ്ട്. ഇന്നു ലഭ്യമല്ലാത്ത അഥര്‍വവേദഭാഷ്യവും പാണ്ഡുരംഗ് നിര്‍വഹിച്ചിരുന്നു. ഈ വേദഭാഷ്യത്തിന് ഏറ്റവുമധികം സഹായം ചെയ്തത് വിവേകാനന്ദനായിരുന്നു. കഠിനമായി മാസങ്ങളോളം വിവേകാനന്ദനും പാണ്ഡുരംഗും പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ വേദവിവര്‍ത്തനം.

5. വേദങ്ങളിലൂടെ ആഴത്തില്‍ പ്രവേശിച്ചതോടെ പ്രാചീന ഋഷീശ്വരാരുടെ തത്ത്വശാസ്ത്രങ്ങളുടെ കനല്‍ക്കട്ടകള്‍ വിവേകാനന്ദന്‍ തിരിച്ചറിഞ്ഞു. മതങ്ങളുടെ അമ്മയും സംസ്കാരത്തിന്റെ കളിത്തൊട്ടിലും ഭാരതമാണെന്ന് വിവേകാനന്ദന്‍ കണ്ടെത്തി. ഈ മഹത്ത്വമെല്ലാം ഇന്ന് അജ്ഞതയുടെ അന്ധകാരത്തില്‍ കുഴിച്ചുമൂടപ്പെട്ടുവെന്ന് അദ്ദേഹം മനസ്സിലാക്കി. നൂറ്റാണ്ടുകളായി നടന്ന വിദേശാക്രമണങ്ങളും പണ്ഡിതന്മാരുടെ വ്യാകരണപ്രസംഗങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ അവശേഷിച്ചത് അര്‍ത്ഥമറിയാത്ത കുറേ വാചകങ്ങളാണ്. 6. പിന്നീട് അമേരിക്കയിലുള്ളപ്പോള്‍ സ്വാമി ശാരദാനന്ദയെ സഹായത്തിനു വിളിക്കുകയും അഭേദാനന്ദസ്വാമികളോട് ഇങ്ങനെ ആവശ്യപ്പെടുകയും ചെയ്തു: ‘ഈ കത്തു കിട്ടിയ ഉടനെ അഭേദാനന്ദസ്വാമികളെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക. അദ്ദേഹത്തിന്റെ കൈവശം ചില പുസ്തകങ്ങളും കൊടുത്തയയ്ക്കണം. ഞാന്‍ ഋഗ്വേദസംഹിത മാത്രമേ കൂടെ കൊണ്ടുവന്നുള്ളു. അഭേദാനന്ദസ്വാമികളോട് യജുര്‍വേദം, സാമവേദം, അഥര്‍വവ്വേദം, ശതപഥം തുടങ്ങിയ ബ്രാഹ്മണങ്ങള്‍, സൂത്ര ഗ്രന്ഥങ്ങള്‍, യാസ്കന്റെ നിരുക്തം എന്നിവ കൂടെ കൊണ്ടുവരാന്‍ പറയണം. “അദ്ദേഹത്തിന്റെ സഹോദര ശിഷ്യന്മാര്‍ സാവന്ത് സത്യവാദസാമാശ്രമിയുടെ അരികില്‍ച്ചെന്ന് ഈ വേദഗ്രന്ഥങ്ങള്‍ ഏഷ്യാറ്റിക് സൊസൈറ്റി പുറത്തിറക്കിയ ആശയഹശീവേശരമ കിറശമ എന്നിവ വാങ്ങി. സ്വാമി അഭേദാനന്ദ ഇവയൊക്കെയുമായി കപ്പല്‍ കയറി. അദ്ദേഹത്തിന്റെ സഹോദരസംന്യാസിമാര്‍ ആവേശകരമായ യാത്രയയപ്പു നല്‍കി.

7. വിവേകാനന്ദസ്വാമികളുടെ ഉജ്ജ്വല പ്രഭാഷണങ്ങളുടെ പ്രവാഹസമിത്തുക്കള്‍ ഈ ഗ്രന്ഥങ്ങള്‍ തന്നെ ആയിരുന്നിരിക്കണം. ആഗസ്റ് 7, 1897 –ല്‍ സ്വാമി അഭേദാനന്ദന്‍ ന്യൂയോര്‍ക്കിലെത്തി. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഷഡംഗങ്ങള്‍ എന്നീ സംസ്കൃത ഗ്രന്ഥങ്ങളടങ്ങിയ ഒരു പെട്ടി അദ്ദേഹം കൊണ്ടുവന്നിരുന്നു. വിവാകേനന്ദ സ്വാമികളുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു അത്.

8. സ്വാമിജി വേദങ്ങളില്‍നിന്നു മാത്രമല്ല, ഔപനിഷദമായ കണ്ടെത്തലുകളോടൊപ്പം ഷഡംഗങ്ങളിലൂടെ ശാസ്ത്രതത്ത്വങ്ങളും അദ്ദേഹം നടത്തി എന്നു വേണം മനസ്സിലാക്കാന്‍. ജീവിതത്തിലുടനീളം വേദപഠനം അനിവാര്യമായ ഒന്നാണെന്ന് സ്വാമിജി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മഠത്തില്‍ അവ പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹമായിരുന്നു. നീലാംബര്‍ ബാബുവിന്റെ ഉദ്യാനത്തിലേക്ക് ആശ്രമം മാറ്റിയപ്പോള്‍ തന്നെ സഹോദരസംന്യാസിമാരുടെ സഹായത്തോടെ തുടര്‍ച്ചയായ വേദക്ളാസ്സുകളും ഉപനിഷത്തുക്കള്‍, വേദാന്ത സൂത്രം, ഗീത, പാണിനിയുടെ അഷ്ടാധ്യായി എന്നിവ പഠിപ്പിക്കാനും ആരംഭിച്ചു. 9. ഒരിക്കല്‍ പോലും സ്വാമിജി വേദപഠനത്തില്‍ നിന്നു മാറിനിന്നില്ല. അദ്ദേഹം ഓരോ തവണയും ശിഷ്യരെ അത് അഭ്യസിപ്പിച്ചതിന്റെ അനേകം ഉദാഹരണങ്ങള്‍ എടുത്തുപറയുന്നുണ്ട്.

വിവേകാനന്ദന്‍ വേദവ്യാഖ്യാനങ്ങളിലുള്ള ഉള്‍ക്കാഴ്ച വെളിവാക്കുന്ന മറ്റൊരു സംഭവംകൂടി എഴുതാം:

‘സ്വാമിജിയുടെ അടുക്കല്‍ ശിഷ്യന്‍ സായണഭാഷ്യത്തോടുകൂടി ഋഗ്വേദം പഠിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പത്തു ദിവസമായി. സ്വാമിജി ബാഗ്ബസാറില്‍ ബലറാംബോസിന്റെ ഗൃഹത്തില്‍ വസിക്കുന്നു. മാസ്ക്മുള്ളര്‍ അനേകം സമ്പുടങ്ങളില്‍ സമ്പൂര്‍ണ്ണമായി അച്ചടിപ്പിച്ചിട്ടുള്ള ഋഗ്വേദ ഗ്രന്ഥങ്ങള്‍ ഏതോ വലിയ ആളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ട്. പുതിയ പുസ്തകം പോരെങ്കില്‍ വൈദികഭാഷ, വായിക്കുന്നതിനിടയ്ക്ക് ശിഷ്യന്‍ പലപ്പോഴും തടസ്സം വന്നിരുന്നു. ഇതുകണ്ട് സ്വാമിജി സ്നേഹപൂര്‍വ്വം ‘ബംഗാളന്‍’ എന്നു കളിയാക്കിക്കൊണ്ട് ഉച്ചാരണവും ഘടനയും പറഞ്ഞുതന്നു. വേദത്തിന്റെ അനാദിത്വം സ്ഥാപിക്കുവാന്‍ വേണ്ടി സായണന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതയുക്തികൌശലത്തെ സ്വാമിജി ചിലപ്പോല്‍ അത്യധികം പ്രശംസിച്ചു; മറ്റു ചിലപ്പോള്‍ സിദ്ധാന്തസ്ഥാപനത്തില്‍ ചില പദങ്ങളുടെ രഹസ്യാര്‍ത്ഥത്തെ സംബന്ധിച്ച്, സ്വയം ഭിന്നാഭിപ്രായം പ്രകാശിപ്പിച്ച സായണനെ തിരുത്തി. 10. ഇങ്ങനെ സ്വാമിജിയുടെ ജീവിതത്തിലേക്ക് കടന്നാല്‍ തന്റേതായ ധ്യാനമൂശയില്‍ ഏതൊരു ഋഷിയെപ്പോലെയും വിഭിന്നങ്ങളും ചിന്തോദ്ദീപകങ്ങളുമായ അര്‍ത്ഥതലങ്ങള്‍ അദ്ദേഹം കണ്ടെത്തി വ്യാഖ്യാനിച്ചു. ഒരിക്കലും നടക്കാതെപോയ സ്വാമിജിയുടെ അവസാന ആഗ്രഹം കല്‍ക്കത്തയില്‍ ഒരു വേദവിദ്യാലയം സ്ഥാപിക്കുക എന്നതായിരുന്നു.

1901-ല്‍ കല്‍ക്കത്തയില്‍ നടന്ന ദേശീയ കോണ്ഗ്രസ്സില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തി. സുപ്രസിദ്ധനായ സ്വാമി വിവേകാനന്ദന്റെ ആശ്രമവും അദ്ദേഹത്തെയും സന്ദര്‍ശിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി പലരും ഇതിനെ കണ്ടു. ആര്യസംസ്കൃതിയും സംസ്കൃതപഠനവും തിരിച്ചു കൊണ്ടുവന്ന് പ്രമുഖരായ അധ്യാപകരെ സൃഷ്ടിക്കുന്ന ഒരു വേദസ്ഥാപനമുണ്ടാക്കണമെന്ന് സ്വാമിജി ആവശ്യപ്പെട്ടു. എല്ലാവരും ഏകകണ്ഠമായിത്തന്നെ അദ്ദേഹവുമായി യോജിച്ചു. സ്വാമികളുടെ ജീവചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു നമുക്കു വായിക്കാം:

‘അദ്ദേഹത്തിന്റെ അവസാന ആഗ്രഹം (ഒരിക്കലും നടക്കാതെ പോയ) കല്‍ക്കത്തയില്‍ ഒരു വേദസ്ഥാപനം സ്ഥാപിക്കണമെന്നതായിരുന്നു. സമാധിക്കു തൊട്ടു മുന്‍പ്, ക്രിസ്തുമസ് അവധിക്കാലത്ത്, കല്‍ക്കത്തയില്‍ ദേശീയ കോണ്ഗ്രസ് നടക്കുന്ന സമയം, വിവിധ നവോത്ഥാനനായകന്മാരും പ്രൊഫസര്‍മാരുമെല്ലാം ബേലൂര്‍ മഠത്തിലെത്തി സ്വാമിജിയുമായി സംസാരിച്ചു. സാമൂഹികവും രാഷ്ടീയവും മതപരവുമായ കാര്യങ്ങളെല്ലാം അതില്‍ കടന്നുവന്നു. യഥാര്‍ത്ഥത്തില്‍ ഈ സമ്മേളനം മറ്റൊരു കോണ്ഗ്രസ് ഉണ്ടാക്കി. കോണ്ഗ്രസ്സിന്റെ യഥാര്‍ത്ഥ സെഷന്‍സിനേക്കാള്‍ ഗാംഭീര്യമുള്ള ഒരു സെഷനായിരുന്നു അത്. ഒരു വൈകുന്നേരം കല്‍ക്കത്തയില്‍ ഒരു വൈദിക കോളേജ് സ്ഥാപിക്കാന്‍ തീരുമാനമായി. കൂടിയവരെല്ലാം തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നു സ്വാമിജിയ്ക്ക് ഉറപ്പു കൊടുത്തു. 11.

സ്വാമിജി, സമാധിയാകുന്ന അന്ന് 1902 ജൂലായ് 4ന്, ധ്യാനമന്ദിരത്തില്‍ പോയിരുന്ന് മണിക്കൂറുകളോളം ധ്യാനിച്ചു. കുറച്ചുദിവസം മുന്‍പ് സ്വാമി ബ്രഹ്മാനന്ദനോട് സ്വാമിജി പറഞ്ഞിരുന്നു: ‘ഇപ്രാവശ്യം ഞാനെന്തെങ്കിലുമൊന്നു ചെയ്യും. ഒന്നുകില്‍ എന്റെ ആരോഗ്യം ധ്യാനത്തിലൂടെയും ജപത്തിലൂടെയും ഞാന്‍ വീണ്ടെടുത്ത് എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. അല്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കും.” ഉച്ചഭക്ഷണത്തിനുശേഷം ഒരു മണിക്കൂറോളം വ്യാകരണവും യോഗവും പഠിപ്പിച്ച്  യജുര്‍വേദത്തിലെ സുഷുമ്നാ സൂര്യവാസസഃ എന്ന മന്ത്രത്തിന് തന്റേതായ വ്യാഖ്യാനം കൊടുത്തു. സ്വാമി പ്രേമാനന്ദനോടൊപ്പം രണ്ടു മണിക്കൂര്‍ നടന്നു. സ്വാമി പ്രേമാനന്ദന്റെ ചില വരികള്‍ കൂടി ഉദ്ധരിക്കുന്നതോടെ വിവേകാനന്ദന്‍ തന്റെ അവസാനശ്വാസത്തില്‍പോലും വേദത്തിനു നല്‍കിയ പ്രാധാന്യം വ്യക്തമാകും: ‘ചില സമയങ്ങളില്‍ വേദപഠനത്തിന് ഒരു സ്ഥാപനം തുറക്കണമെന്ന അതിയായ ആഗ്രഹം സ്വാമിജിക്കുണ്ടായിരുന്നു. അവസാനദിവസംപോലും പൂണെ, ബോംബെ എന്നിവിടങ്ങളിലേക്ക് ചില വേദഗ്രന്ഥങ്ങള്‍ക്കുവേണ്ടി സ്വാമിജി കത്തയച്ചിരുന്നു. ആദിവസം വേദഗുരുകുലത്തെക്കുറിച്ച് ഏറെസമയം എന്നോടു സംസാരിച്ചു. വേദപഠനംകൊണ്ട് എന്തു ഗുണമാണ് ഉണ്ടാവുക എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അറുതി വരുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. നടക്കുന്നതിനിടയില്‍ വേദപഠനത്തെക്കുറിച്ചുതന്നെ പറഞ്ഞു കൊണ്ടിരുന്നു.

12. മദ്രാസിലെ അനുമോദനപത്രികയ്ക്കുള്ള മറുപടിയില്‍ സ്വാമിജി ശക്തമായിത്തന്നെ പറഞ്ഞു: ‘വേദങ്ങള്‍ മാത്രമാണ് പരമാര്ഥികനായ ഈശ്വരനെ ഉപദേശിക്കുന്ന മത ഗ്രന്ഥങ്ങള്‍. ഈശ്വരനെപ്പറ്റിയുള്ള മറ്റാശയങ്ങളെല്ലാം മേല്‍ചൊന്ന തനി സൂര്യനെ പരിമിതമായും ഇടുങ്ങിയ മട്ടിലും കണ്ടിട്ടുണ്ടായവയാണുതാനും. സര്‍വലോകഹിതൈഷിണിയായ ശ്രുതി, സൌമ്യമായി ഭക്തന്റെ കൈപിടിച്ച് പരമാര്‍ത്ഥത്തിലെത്താന്‍ വേണ്ടുന്ന ഘട്ടങ്ങളിലൂടെയെല്ലാം നടത്തുകയാണ്. പുരോഗതിയുറ്റതും ഉറഞ്ഞുപോയതുമായ മട്ടില്‍ മറ്റു മതങ്ങളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഈ ഘട്ടങ്ങളില്‍ ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെയാണ്. അതിനാല്‍, ലോകത്തിലുള്ള ഇതരമതങ്ങളെല്ലാം നാമവും സീമയുമറ്റ സനാതന വൈദികമതത്തില്‍ ഉള്‍പ്പെട്ടവതന്നെ. 13. വേദമെന്നാല്‍ ഈശ്വരന്റെ ജ്ഞാനം (വിദ്- അറിയുക) എന്നാണ് അര്‍ത്ഥം. 14. സനാതന സത്യങ്ങളുടെ ആകെത്തുക എന്നാണ് വേദമെന്നതിന്നര്‍ത്ഥം. 15. ഒന്നാംഘട്ടത്തിലൂടെ നേടുന്ന അറിവ് ശബ്ദമാകുന്നുവെങ്കില്‍ രണ്ടാം ഘട്ടത്തില്‍ നേടുന്ന അറിവാകുന്നു വേദം. 16. വേദപ്രാമാണ്യം സകലകാലദേശ വ്യക്തികളിലേക്കും വ്യാപിക്കുന്നു. അതായത്, അവയുടെ പ്രയോഗം ഏതെങ്കിലും ദേശകാലവ്യക്തികളില്‍ പരിമിതമല്ല. വേദങ്ങളാണ് വിശ്വമതത്തിന്റെ ഏക വ്യാഖ്യാതാവ്. 17 വേദങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും പ്രാചീനമായ പാവനഗ്രന്ഥമാണ്.

എന്നാണ് അവ എഴുതപ്പെട്ടതെന്നോ, ആരാണ് അതെഴുതിയതെന്നോ ഒന്നുമറിയില്ല. ബൃഹദ്വല്ലികളിലുള്ള അവ ആരെങ്കിലും പൂര്‍ണമായി വായിച്ചിട്ടുണ്ടാകുമോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. 18. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായ ഗ്രന്ഥങ്ങളിലെ സംസ്കൃതത്തില്‍നിന്നു വ്യത്യസ്തമായ സംസ്കൃതത്തിലാണ് വേദങ്ങള്‍ രചിച്ചിട്ടുള്ളത്. വേദങ്ങളിലെ സംസ്കൃതമാകട്ടെ, വളരെ ലളിതവുമാണ്. 19. ഹിന്ദുധര്‍മ്മമെന്നാല്‍ വേദമെന്നാണ് അര്‍ത്ഥമെന്ന് വിവേകാനന്ദന്‍ പറയുന്നതു കാണാം. ഇങ്ങനെ നോക്കുമ്പോള്‍, വിവേകാനന്ദ സ്വാമികള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ധാര്‍മികവിചാരസത്തയില്‍, ആധ്യാത്മിക സഞ്ചാരത്തില്‍ വേദങ്ങള്‍ക്കു നല്‍കിയ പ്രാധാന്യം എത്രയെന്ന് നമുക്കു മനസ്സിലാക്കാം. വേദാന്തര്‍ഗതമായ വിചാരങ്ങളെ സ്ഫുടീകരിക്കുകയായിരുന്നു വിവേകാനന്ദനെന്നു കാണാം. വേദഗ്രന്ഥങ്ങളുടെ അപഗ്രഥനത്തിന് അവശ്യം ആവശ്യമായ ഉപദാനങ്ങളെല്ലാം സ്വാമിജിയുടെ പക്കലുണ്ടായിരുന്നു. ചതുര്‍വേദങ്ങള്‍, വേദഭാഷ്യങ്ങള്‍, ഷഡ്ദര്‍ശനങ്ങളായ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയും പാണിനിയുടെ അഷ്ടാധ്യായിയും യാസ്കന്റെ നിരുക്തവും ഇവ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വേദവിദ്യാപഠനത്തിന് അനിവാര്യമായ ഉപാദാനങ്ങള്‍. ഇതോടൊപ്പം ഒരിക്കലും ഉറവ വറ്റാത്ത തപസ്സും സാധനയും.

20. സാധാരണ വേദവിശാരദന്മാര്‍ക്ക് ഇല്ലാതെപോകുന്ന ഏറ്റവും പ്രധാനഘടകം തപസ്സും സാധനയുമാണ്. യാതൊരു സാധനാപശ്ചാത്തലത്തിലൂടെയാണോ വൈദികഋഷിമാര്‍ക്ക് ഈ വേദം അപൗരുഷേയമായി വെളിപ്പെട്ടത്, അവ കേവലം ഉപരിപ്ളവമായ വാക്കുകളല്ലെന്നും അവയ്ക്കെല്ലാം അന്തര്‍ലീനമായി സുദൃഢമായ അര്‍ത്ഥന്തരങ്ങളും വിന്യാസങ്ങളും ഏടോടു ഏടു ചേര്‍ന്ന് കിടപ്പുണ്ടെന്നും കാണാനുള്ള മനക്കണ്ണു വേണം.

‘കണ്ണിനു കണ്ണ് മനമാകുന്ന കണ്ണതിന്നു കണ്ണായ പൊരുള്‍’ വേണമെന്ന് എഴുത്തച്ഛന്‍ പറഞ്ഞതു മറ്റൊന്നുംകൊണ്ടല്ല. ഭാരതീയ ദര്‍ശനം കസേരയിലിരുന്നുണ്ടായതല്ലെന്നു മറക്കാതിരിക്കണം. അവ ആരണ്യകങ്ങളില്‍ പിറന്നുവീണവയാണ്. ആ അസാധാരണ വാങ്മയത്തില്‍ അനന്തമായ സാധനയുടെ പ്രകാശവലമുണ്ട്. അതിനെ സാക്ഷാത്കരിച്ചപ്പോള്‍ വിവേകാനന്ദസ്വാമികളില്‍നിന്ന് ലഭ്യമായ അര്‍ത്ഥതലങ്ങളാവട്ടെ ഒരു രാഷ്ട്രത്തെത്തന്നെ നവോത്ഥാനത്തിലേക്കു നയിക്കാന്‍ പ്രാപ്തമായി.

ഏത് അര്‍ത്ഥത്തില്‍ വേദത്തെ വ്യാഖ്യാനിക്കണമെന്നുള്ള വാദകോലാഹലങ്ങള്‍ക്കു പ്രസക്തിയേ ഇല്ലെന്ന് അസന്ദിഗ്ധമായി വിവേകാനന്ദനു പറയാം. കാരണം അദ്ദേഹത്തിനു തപസ്സുണ്ടായിരുന്നു. പോള്‍ ഡോയിസ്സണ്‍ അതിസങ്കീര്‍ണ്ണമായ ഒരു ജര്‍മന്‍ തത്ത്വശാസ്ത്രഗ്രന്ഥം പഠിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ വിവേകാനന്ദന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആ ഗ്രന്ഥം മുഴുവന്‍ പഠിച്ചു. ഡോയിസ്സണ്‍ അതിശയമായി. ചില ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരമെല്ലാം കിറുകൃത്യം. അത്ഭുതസ്തബ്ധനായ ഡോയിസ്സണ്‍ ചോദിച്ചു: ‘ജര്‍മന്‍ ഭാഷയില്‍ അതീവപണ്ഡിതനായ എനിക്കു സാധിക്കാത്തത് താങ്കള്‍ എങ്ങനെ സാധിച്ചു? “വിവേകാനന്ദന്‍, വിവേകാനന്ദനും ഡോയിസ്സണ്‍ ഡോയിസ്സണ്‍ മാത്രവുമാണെ”ന്നായിരുന്നു വിവേകാനന്ദന്റെ മറുപടി. പ്രാചീന ഋഷിത്വത്തിന്റെ പുനരാവിഷ്കാരമായതുകൊണ്ടാണ് വിവേകാനന്ദന്‍ വേദമന്ത്രങ്ങളുടെ മിന്നലാട്ടവും പ്രകാശവുമൊക്കെ ആദ്യകാലസാധനയില്‍ കടന്നുവന്നത്. അതാണ് ഋഷി എന്ന വാക്കിന്റെ അര്‍ത്ഥവും. ‘ഋഷി: മന്ത്രദൃഷ്ടാരഃ’ എന്ന യാസ്കനിരുക്തിയുടെ അര്‍ത്ഥവും അതുതന്നെ.

എഴുതിയത് : ആചാര്യ എം ആര്‍ രാജേഷ്‌

Leave a Reply

Your email address will not be published. Required fields are marked *

*