Home » News » കേരളം മരതകകാന്തിയില്‍ നിന്നും മരുഭൂമിയിലേക്ക്……

കേരളം മരതകകാന്തിയില്‍ നിന്നും മരുഭൂമിയിലേക്ക്……

ഓരോ പ്രവാസിയുടെയും മനസ്സില്‍ കടലുകള്‍ക്ക് അപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു പ്രത്യാശയുടെ ഊര്‍വ്വരമായ തുരുത്തുണ്ട്.

പക്ഷേ തിരികേ പോകേണ്ടത് മറ്റൊരു മരുഭൂമിയിലേക്കാണെങ്കിലോ? ഒട്ടും അതിശയോക്തിപരമല്ല ഈ പ്രയോഗം.കേരളം അങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ദൈനംദിന വാര്‍ത്തകള്‍ നമ്മോട് പറയുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിലെ കാട്ടില്‍ കരിയില തിന്നുന്ന ഒരു കാട്ടാനയുടെ ചിത്രം കണ്ടത് ഓര്‍ക്കുന്നു. വാരിയെല്ലുകളും മറ്റും തെളിഞ്ഞ ഒരു പേക്കോലം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്നാണ് പറയുന്നതെങ്കിലും, ഈ ചിത്രം കണ്ടപ്പോള്‍ ഇങ്ങനെ മെലിഞ്ഞാല്‍ ആനയെ കോഴിക്കൂട്ടില്‍ കെട്ടുന്ന അവസ്ഥ വരും എന്ന് തോന്നി പോയി.ഏതു കരിവേനലിലും ഈര്‍പ്പം മാറാത്ത വയനാടന്‍ മണ്ണിന്റെ അവസ്ഥ  ഇതാണെങ്കില്‍ ബാക്കി സ്ഥലങ്ങളെ കുറിച്ച് എന്തു പറയാന്‍. പാലക്കാടു ജില്ലയില്‍ ജനുവരി മാസത്തില്‍ തന്നെ ചൂട് അസാധാരണമാംവിധം ഉയര്‍ന്നു. മകരസംക്രാന്തി ദിനമായ 14ബാം തീയതി മുണ്ടൂരിലെ ഐആര്‍ടിസി കേന്ദ്രത്തില്‍ ഇന്ത്യയില്‍ ആ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായ 38.89 ഡിഗ്രി അനുഭവപ്പെട്ടു. സാധാരണ മാര്‍ച്ച് മാസത്തിലാണു ചൂട് ഇത്രയും ഉയരുക.  പാലക്കാട്ടെ മണ്ണിന്‍ അടിയില്‍ മരുഭൂമിയില്‍ കാണുന്ന തരം അയണ്‍ ഫെറേറ്റ് പാറകളും അമിത കാഠിന്യമുള്ള ചുണ്ണാമ്പ് കല്ലുകളൂമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. സഹാറയും താറും അത്ര ദൂരെയല്ല.

Photo 1 n4kകടലില്‍ മഴപെയ്യുന്നത് കാടുണ്ടായിട്ടുണ്ടോ എന്ന തരം മണ്ടന്‍ വളിപ്പുകളില്‍ നിന്നും നമ്മുടെ രാഷ്ട്രീയ സാമൂഹിക ബോധം ഏറെ മുന്നോട്ട് പോയി. എന്നിട്ടും പരിസ്ഥിതി സംരക്ഷണം എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പോലും മുഖ്യ ഉള്ളടക്കമായിട്ടില്ല എന്നത് ദുഖ:കരമായ വസ്തുതയാണ്. വികസനം എന്ന അശ്ലീലപദം കൊണ്ട് പരിസ്ഥിതി സംബന്ധിച്ച ആകുലതകള്‍ മറയ്ക്കപ്പെടുന്നു. ആരുടെ വികസനമെന്ന് ആര്‍ക്കും അറിയാത്ത വികസനം. ജനസാമാന്യത്തെ ഇന്നും പട്ടിണിയില്‍ നിലനിര്‍ത്തുന്ന, കോര്‍പ്പറേറ്റുകളൂടെ മാത്രം  വികസനം.

കേരളത്തിന്റെ കുടിവെള്ളഭക്ഷ്യ സുരക്ഷ നിലനില്‍ക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ്…

1. മഴയുടെ ലഭ്യതയും ഈര്‍പ്പമുള്ള കാലാവസ്ഥയും ഉറപ്പുവരുത്തുന്ന പശ്ചിമഘട്ട മലനിരകളും

2. അതിനുകീഴെ ഇടനാട്ടില്‍ ജലം പിടിച്ചുവെച്ചു ഭൂമിയില്‍ താഴ്ത്തി കിണറുകളിലെ ജലവിതാനം ഉയര്‍ത്തുന്ന വയലുകളും.

ഇവ രണ്ടും ഭീഷണി നേരിടുന്നുണ്ടെങ്കിലും വയലുകള്‍ നേരിടുന്ന ഭീഷണി താരതമ്യേന കൂടുതലാണ്. ചുളു വിലയ്ക്ക് വാങ്ങി നികത്താന്‍ കഴിയുന്ന ഭൂമി എന്ന നിലയിലാണ് വയലുകളെ മൂലധനശക്തികള്‍ കാണുന്നത്. എന്നാല്‍ വയലുകള്‍ നമ്മുടെ ജൈവ വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.കേരളത്തിന്റെ സാഹചര്യത്തില്‍ അവ കുടിവെള്ള സംഭരണികള്‍ കൂടിയാണ്. ഒരേക്കര്‍ പാടത്ത് ഒരടി കനത്തില്‍ പ്രകൃതി സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് 1240 ഘനമീറ്റര്‍ ആണ്. നമ്മുടെ വന്‍കിട അണക്കെട്ടുകളില്‍ പിടിച്ച് വെയ്ക്കുന്ന ആകെ ജലത്തെക്കാള്‍ കൂടുതലാണ് വയലുകളില്‍ ശേഖരിച്ച് ഭൂമിയില്‍ ആഴ്ത്തുന്ന വെള്ളത്തിന്റെ അളവ്. അതിലുപരി മഴക്കാലത്ത് മത്സ്യങ്ങള്‍ മുട്ടയിട്ടു പെരുകുന്ന ജൈവകേന്ദ്രമാണ്,. മറ്റനേകം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. നെല്‍കൃഷിയുടെ സമയത്ത് ഒട്ടനേകം പക്ഷികളുടെയും ജീവികളുടെയും ഭക്ഷണവും ആവാസ വ്യവസ്ഥയുമാണ്.

പക്ഷെ നമ്മുടെ നാട്ടില്‍ കൃഷിക്ക് ഒപ്പം വയലുകളും ഇല്ലാതായി കൊണ്ടിരിക്കുന്നു. മഴയുടെ കുറവിനെക്കാള്‍ വെള്ളം സംഭരിക്കാനുള്ള നീര്‍ത്തടസംവിധാനങ്ങള്‍ താറുമാറിക്കയതിന്റെ ഫലമാണ് നാം ഇന്നു അനുഭവിക്കുന്ന മരുവല്‍ക്കരണം.

Photo 2 n4k1974ല്‍ 8.81 ലക്ഷം ഹെക്ടര്‍ ആയിരുന്നു നമ്മുടെ കൃഷിഭൂമിയുടെ വിസ്തൃതി എങ്കില്‍ ഇപ്പോള്‍ അത് 2.13 ഹെക്ടറായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനകം ആറു ലക്ഷത്തോളം ഹെക്ടര്‍ വയല്‍ നമുക്ക് നഷ്ടമായെന്നര്‍ത്ഥം.

സംരക്ഷിക്കാന്‍ ഒരു പ്രത്യേക നിയമം ഉണ്ടായിട്ടും അനുദിനം നശിക്കുന്ന ഒരു ജൈവ മേഖലയാണ് വയലുകള്‍. കേരളത്തിന്റെ ഭക്ഷ്യകുടിവെള്ള സുരക്ഷയ്ക്ക് അത്യാവശ്യമായ വയലുകളുടെ സംരക്ഷണം അതര്‍ഹിക്കുന്ന പരിഗണനയോടെ നാം കാണേണ്ടതുണ്ട്.

നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മറ്റു റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കും വയല്‍ വകമാറ്റുന്നു എന്നതാണ് പ്രധാന ഭീഷണി. മൂലധനാധിഷ്ഠിത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വലിയ തോതിലാണ് ഭൂമിക്കുള്ള ആവശ്യം വര്‍ധിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് രംഗം ഓരോ ദിവസവും കൊഴുത്തു വരികയാണ്. ഭൂമി ഇന്നൊരു പ്രധാന ഊഹക്കച്ചവട വസ്തുവാണ്.

എന്തു കൊണ്ട് വയലുകള്‍?

പരമാവധി ലാഭമാണ് മൂലധനമിറക്കുന്നവന്റെ ലക്ഷ്യം. കൃഷിഭൂമി വാങ്ങാന്‍ കരഭൂമി വാങ്ങുന്ന വിലയില്ല. കരഭൂമിയില്‍ ആവശ്യമാകുന്ന കുടിയൊഴിപ്പിക്കലിന്റെ തലവേദനയും സാമ്പത്തിക ബാധ്യതയുമില്ല.

വന്‍ തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് വികസനം പരിസ്ഥിതിക്ക് മറ്റു രണ്ടു ഭീഷണികള്‍ കൂടി ഉയര്‍ത്തുന്നുണ്ട്.

1.      പശ്ചിമഘട്ട മലനിരകളുടെ തലച്ചോറില്‍ വെടിമരുന്നു വെച്ച് തകര്‍ക്കുന്ന കരിങ്കല്‍ ക്വാറികള്‍

2.      നദികളൂടെ സ്‌നിഗ്ദ്ധമായ നെഞ്ചിനെ തുരന്ന് അമ്മിഞ്ഞ പാലും രക്തവും മാത്രമല്ല, എല്ലും മജ്ജയും തോണ്ടിയെടുക്കുന്ന മണലൂറ്റ്

ഈ വിഷയങ്ങളീലേക്ക് ഞാന്‍ കടക്കുന്നില്ല

2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഇതുവരെ അതിന്റെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.തുടക്കത്തില്‍ ഈ നിയമം കറച്ചൊക്കെ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ നിയമം ലംഘിച്ചു നികത്തലുകള്‍ അഭംഗുരം തുടരുന്നുണ്ട്. ഭൂമി തരം തിരിച്ച് ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്താല്‍ മാത്രമേ അതു പ്രകാരമുള്ള വയലുകള്‍ നികത്തിയതിനെതിരേ കേസ് എടുക്കാനാകൂ എന്ന് 23ആം വകുപ്പ് പറയുന്നു. പല കേസുകളിലും കോടതി പ്രതികളെ വെറുതേ വിടുകയാണ്.

ജനങ്ങള്‍ വയല്‍ നികത്തുന്നത് തടയുവാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും നിലം നികത്തിയുള്ള പദ്ധതികളെ പ്രമോട്ട് ചെയ്യുന്നതും സര്‍ക്കാരാണ്. ആറന്മുളയിലും ഇടുക്കിയിലെ അണക്കരയിലും സ്വകാര്യ വിമാനത്താവളങ്ങളും മറ്റുള്ളയിടങ്ങളില്‍ കെട്ടിടങ്ങളും വ്യവസായ പാര്‍ക്കുകളും ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളും ഒക്കെയായി സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ക്കെല്ലാം മുക്കിക്കൊല്ലേണ്ടത് നമ്മുടെ വയലുകളെയാണ്. വികസനവും കരുതലും എന്ന സര്‍ക്കാര്‍ മുദ്രാവാക്യത്തില്‍, കരുതല്‍ ഏട്ടിലെ പശുവായി അവശേഷിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പറയാതിരിക്കാനാകില്ല.

Photo 3 n4kഈ സര്‍ക്കാര്‍ വന്നശേഷം,കുറുക്കന്റെ കാവലിലായ കോഴിയുടെ അവസ്ഥയാണ് ഭൂപരിഷ്‌ക്കരണഭൂവിനിയോഗ നിയമങ്ങള്‍ക്ക്.  1967 ലെ ഭൂവിനിയോഗ ഉത്തരവ് റദ്ദാക്കാന്‍ പലവുരു ശ്രമങ്ങള്‍ നടന്നു.സംഗതി വിവാദമായതോടെ നിയമവകുപ്പ് അത് പിന്‍വലിച്ചെങ്കിലും എത്ര കാലത്തേയ്‌ക്കെന്ന് അറിയില്ല. വയലുകളുടെ മേല്‍ സാമ്പത്തിക വികസനത്തിന്റെ സമ്മര്‍ദ്ദം എത്ര വലുതാണെന്നും ഈ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാരുകള്‍ ആരുടെകൂടെ നില്‍ക്കുന്നെന്നും നമുക്കിതില്‍ നിന്നും മനസിലാക്കാം.

നെല്‍കൃഷി നഷ്ടമാണ് എന്നത് കേട്ടു തഴമ്പിച്ച പല്ലവിയാണ്. ഭൂമിയുടെ മറ്റു ഉപയോഗങ്ങളുമായോ മറ്റു വരുമാനങ്ങളുമായോ താരതമ്യം ചെയ്യുമ്പോഴാണ് കൃഷി നഷ്ടം ആകുന്നത്. റിയല്‍ എസ്‌റ്റേറ്റിന്റെ ലാഭം നെല്‍കൃഷിയില്‍ നിന്നും ലഭിക്കില്ലല്ലോ.

ഏറ്റെടുക്കുന്ന നെല്ലിനു സമയത്ത് പണം ലഭിച്ചാല്‍ നെല്‍കൃഷി ഇന്നും നഷ്ടത്തിലല്ല എന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ആണയിടുന്നു. നെല്‍കൃഷി പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന് സത്യസന്ധമായ ഒരു താല്‍പ്പര്യവും ഇല്ലെന്നുവേണം നെല്‍കര്‍ഷകരുടെ സ്ഥിരം പരാതികള്‍ തുടരുന്നതില്‍ നിന്നും മനസിലാക്കാന്‍. കൃഷി നിലനിര്‍ത്താന്‍ ശ്രമിക്കാത്തിടത്തോളം കുടിവെള്ള സുരക്ഷ പോലും ദീര്‍ഘകാലത്തേയ്ക്ക് നമുക്ക് സംരക്ഷിക്കാനാകില്ല.

സ്ഥിരമായി ഉപയോഗിക്കാത്ത ഒരു വസ്തു നാം പാഴ്വസ്തുവായി കണക്കാക്കി തള്ളും. അപ്രകാരം നോക്കിയാല്‍ കൃഷിയില്ലാത്ത വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കൂടി വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതിനാല്‍ത്തന്നെ കൃഷി തിരിച്ചുകൊണ്ടുവരാതെ നെല്‍വയല്‍ സംരക്ഷണം നമുക്ക് ഉറപ്പിക്കാനാവില്ല. എന്നാല്‍ നെല്‍വയല്‍ കൃഷിക്ക് ഉപയോഗിക്കെണ്ടതില്ലെന്നും അവ ടൂറിസം അടക്കമുള്ള മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നുമാണ് ദേശീയ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ശ്രീ.മൊണ്ടേക് സിംഗ് അലുവാലിയ പറയുന്നത്. കൃഷിയിടങ്ങളൂടെ പാരസ്ഥിതിക പ്രാധാന്യവും ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിലെ സാമ്പത്തികനഷ്ടവും ഒരു പോലെ അറിയാത്തവരാണോ ഇന്ത്യയുടെ ആസൂത്രണം നടത്തുന്നത് എന്നോര്‍ത്ത് ഞെട്ടുകയോ സങ്കടപ്പെടുകയോ മാത്രമേ വഴിയുള്ളൂ.

കാര്‍ഷികവൃത്തി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി ജപ്പാനും യൂറോപ്യന്‍ യൂണിയനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ കൃഷിക്ക് വന്‍ സബ്‌സിഡിയാണ് നല്‍കുന്നത്. അതേ അമേരിക്കയുടെ ഉപദേശപ്രകാരം നമ്മുടെ നാട്ടില്‍ കാര്‍ഷിക സബ്‌സിഡികള്‍ വന്‍തോതില്‍ വെട്ടി കുറയ്ക്കപ്പെടുകയാണെന്നത് വിരോധാഭാസമാണ് നീര്‍ത്തട സംരക്ഷണ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, നെല്‍കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്ത്വമാണെങ്കിലും ഇക്കാര്യത്തില്‍ ആശാവഹമായ ഒരു നീക്കവും ഉണ്ടാവുന്നില്ല.

എന്താണ് പരിഹാരം?

സുസ്ഥിരമായ നിലനില്‍പ്പു വേണോ തോന്നുംപടിയുള്ള വികസനവും വേണോ? തീരുമാനം നമ്മുടേതാണ്. വികസനത്തിന് മാനദണ്ടങ്ങളും അതിരും തിരിച്ചേ മതിയാകൂ. നമുക്ക് പരിമിതമായ ഭൂമിയാണുള്ളത് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച വ്യവസായങ്ങളെ നമുക്ക് അനുവദിക്കാനാകൂ. വലിയ തോതില്‍ വയലുകള്‍ ആവശ്യമുള്ള ഒരു പദ്ധതിയും നമുക്ക് അംഗീകരിക്കാനാകില്ല.

Photo 4 n4kകൃഷിഭൂമിയുടെയും കാര്‍ഷികവൃത്തിയുടെയും സംരക്ഷണം പ്രാഥമികമായി സര്‍ക്കാരിന്റേതും സമൂഹത്തിന്റേതും ആകണം. ഇതില്‍ നിന്നുണ്ടാകുന്ന നഷ്ടങ്ങള്‍ കര്‍ഷകനെ ഒരു തരത്തിലും ബാധിക്കരുത്.കൃഷിഭൂമി കൃഷിഭൂമിയായി നില്‍നില്‍ക്കുന്നതിന്റെ പാരസ്ഥിതിക പ്രയോജനങ്ങള്‍ മാത്രം മതി സര്‍ക്കാരിനു ഇതിലുണ്ടാകുന്ന ഏത് നഷ്ടവും നികത്താന്‍. ഒന്നുകില്‍  സംസ്ഥാനത്തെ മുഴുവന്‍ വയലുകളും ‘ഫുഡ് റിസവ്വാ’യി കണ്ട് സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് നല്‍കണം. അല്ലെങ്കില്‍ വയല്‍ സംരക്ഷിക്കുന്ന ആളുകള്‍ക്ക് പ്രതിവര്‍ഷം ഒരു നിശ്ചിത തുക പ്രോത്സാഹനമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃഷി ചെയ്താലും ഇല്ലെങ്കിലും ആ തുക വയലിന്റെ ഉടമയ്ക്ക് നല്‍കിയാല്‍ വയല്‍ സംരക്ഷണം ഉടമകള്‍ക്ക് കൂടി താല്‍പ്പര്യമുള്ള സംഗതിയാകും.

വയലുകളുടെ ക്രയവിക്രയം നിയന്ത്രിക്കണം. കൃഷിഭൂമി കര്‍ഷകനു മാത്രമേ വില്‍ക്കാന്‍ കഴിയാവൂ. വീടു വെയ്ക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ കരപ്രദേശത്ത് പകരം ഭൂമി നല്‍കി കൃഷിഭൂമി ഏറ്റെടുക്കണം. ഡാറ്റാ ബാങ്ക് വിജ്ഞാപനം ആകും വരെ വയലുകള്‍ നികത്തുന്നത് തടയാന്‍ നിയമ ഭേദഗതി കൊണ്ടു വരണം. ഇതിനുള്ള അപരിമിതമായ അധികാരം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കണം. ഓരോ പ്രദേശത്തിന്റെയും ഭൂലഭ്യത അനുസരിച്ച് അനുകൂലമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആവശ്യങ്ങളെ മാത്രം മുന്‍നിര്‍ത്തിയുള്ള ആസൂത്രണത്തില്‍ നിന്നും വിഭവങ്ങളുടെ ലഭ്യത അനുസരിച്ചുള്ള ആസൂത്രണത്തിലേയ്ക്ക് മാറേണ്ട കാലം അതിക്രമിച്ചു.  .

നമ്മുടെ കാടുകളില്‍ 50,000 ഹെക്ടറോളം തേക്ക്, കശുമാവ്, റബര്‍ തുടങ്ങീയ മോണോക്രോപ്പ് (ഏകവിള) തോട്ടങ്ങളാണ്. ഇവ വന്‍ തോതിലാണ് ജലം വലിച്ചെടുക്കുന്നത്. ഇവയില്‍ 20,000 ഹെക്ടര്‍ എങ്കിലും പലവിധ വിളകളൂള്ള ജൈവ വൈവിധ്യ തോട്ടങ്ങള്‍ ആക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.

Photo 5 n4kഅശാസ്ത്രീയമായ പാറ, മണല്‍, കളിമണ്‍ ഖനനങ്ങള്‍ അവസാനിപ്പിക്കണം.

തീരദേശപരിപാലന നിയമം വന്‍തോതില്‍ ലംഘിച്ചാണ് ടൂറിസം വളരുന്നത്. ഇത് നിയന്ത്രിച്ചേ മതിയാകൂ. ശിങ്കിടി മുതലാളിത്തത്തെ കുറിച്ച് വാചക വിപ്ലവം നടത്തുന്നവര്‍ റാവിസ് ഹോട്ടലിന്റെ കാര്യം വരുമ്പോള്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലേക്ക് വലിയുന്നത് വേദനാജനകമായ കാഴ്ച്ചയാണ് .

ഈ ഭൂമി ആരുടെയും സ്വന്തമല്ല. നമ്മുക്ക് നോക്കാനേല്‍പ്പിക്കപ്പെട്ടത് മാത്രം, അമാനത്ത് എന്ന് ഉര്‍ദ്ദുവില്‍ പറയും. ഭൂമിക്ക് നമ്മെ കൂടാതെ ധാരാളം അവകാശികളുണ്ടെന്ന് പറഞ്ഞത് മലയാളത്തിന്റെ സൂഫിവര്യന്‍ ബേപ്പൂര്‍ സുല്‍ത്താ നാണ്. വരും തലമുറയിലെ ജന്തുജാലങ്ങള്‍ക്ക് കൂടി ജീവിക്കാനായി കൂടുതല്‍ മനോഹരമായി ഈ ഭൂമിയെ അവശേഷിപ്പിക്കേണ്ടതുണ്ട്. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്നും ഈ ഭൂമിക്ക് കഴിവുണ്ട്. പക്ഷെ ആര്‍ത്തി പെരുത്ത കോര്‍പ്പറേറ്റ് അത്യാഗ്രഹങ്ങളെ നിവര്‍ത്തിക്കാന്‍ ഭൂമി അശക്തയാണ്. ഇതു തിരിച്ചറിയുന്നതില്‍ ഒരു മനുഷ്യപക്ഷ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം തീര്‍ച്ചയായും ഒരു ഇടതുപക്ഷ രാഷ്ട്രീയമാണെന്നുള്ള തിരിച്ചറിവ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാകണം. വയല്‍ നികത്തിയും കുന്നിടിച്ചും മണല്‍ വാരിയും മല തുരന്നും വനം വെളുപ്പിച്ചും കൊണ്ടു വരുന്ന വികസനത്തിന്റെ ഗുണഭോക്താക്കള്‍ ഭൂരിപക്ഷം ജനങ്ങളാണോ എന്നൊരു സാമൂഹിക ഓഡിറ്റ് നടത്തേണ്ടതുണ്ട്. വികസനം എന്ന മൂലധനത്തിന്റെ ട്രോജന്‍ കുതിരയെ തിരിച്ചറിയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അതിലുപരി ജനങ്ങള്‍ക്കും ഉണ്ടാകട്ടെ.

ഇത്തരം വിഷയങ്ങളിലെ ആകുലതകള്‍ക്കൊപ്പം എന്നും നടന്ന സ: സി കെ ചന്ദ്രപ്പന്റെ ഓര്‍മ്മ ദിനത്തില്‍ ഇതിലും നല്ലൊരു സ്മരണാഭിവാദനം ഞങ്ങള്‍ യുവകലാസാഹിതിക്ക് സമര്‍പ്പിക്കാനില്ല.

Photo 6 n4k

(യുവകലാസാഹിതി ഷാര്‍ജ ഘടകം സംഘടിപ്പിച്ച സി കെ ചന്ദ്രപ്പന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ‘കേരളം മരതക കാന്തിയില്‍ നിന്ന് മരുഭൂമിയിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടു പ്രശാന്ത് മണിക്കുട്ടന്‍ നടത്തിയ പ്രഭാഷണം.പ്രമുഖ ഇടതുപക്ഷ ബ്ലോഗര്‍ ആണ് പ്രഭാഷകന്‍)

Special Courtesy Harish Vasudevan

എഴുതിയത് :: പ്രശാന്ത്‌ മണികുട്ടന്‍

News4Kerala online news portal

Leave a Reply

Your email address will not be published. Required fields are marked *

*