Home » News » രാക്ഷസീയതയ്ക്കെതിരെ യുവത്ത്വത്തിന്റെ രോഷാഗ്നി

രാക്ഷസീയതയ്ക്കെതിരെ യുവത്ത്വത്തിന്റെ രോഷാഗ്നി

നാള്‍ക്കുനാള്‍ നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അതി ക്രൂരമായി പീഡിപ്പിക്കക്കപ്പെടുകയാണ്. അച്ഛന്‍ മകളെ, കാമുകന്‍ കാമുകിയെ, എന്തിന് പത്തു മാസം ചുമന്നു നടന്ന അമ്മ പോലും മകളെ മറ്റുള്ളവര്‍ക്ക് കൂട്ടി കൊടുക്കാന്‍ തയ്യാറാകുന്നു. ഇതിനുമെല്ലാം മേലെ ബസ്സില്‍ വച്ചും ട്രെയിനില്‍ വച്ചും നമ്മുടെ പെണ്‍കുട്ടികളുടെ മാനം നശിപ്പിക്കപ്പെടുകയാണ്. കഴിഞ്ഞ വര്ഷം നമ്മള്‍ കണ്ടത് സൗമയ എന്ന പെണ്‍കുട്ടിയുടെ ദാരുണ മരണം ആയിരുന്നു. ട്രെയിനില്‍ നിന്നും തള്ളിയിട്ട് ഗോവിന്ദ ചാമി എന്ന ഒറ്റക്കയ്യന്‍ സൗമ്യയുടെ മാനം പിച്ചി ചീന്തിയപ്പോള്‍ അത് കണ്ടു നിന്നവര്‍ പോലും പ്രതികരിച്ചില്ല. സൗമ്യ മരിച്ചു ഒരു വര്ഷം കഴിയുമ്പോഴും ഗോവിന്ദ ചാമി എന്ന നരാധമന്‍ ഇപ്പോഴും ജയിലില്‍ സുഖവസിക്കുകയാണ്.

സൗമ്യയുടെ മരണം ജനം മറക്കുന്നതിനു മുന്നേ, രാജ്യ തലസ്ഥാനം അതി ക്രൂരമായ മറ്റൊരു ബലാല്‍സംഗത്തിന് സാക്ഷ്യം വഹിച്ചു. തന്റെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിമൂന്നു കാരിയെ അതി ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. 13 ദിവസത്തെ ചെറുത്‌ നില്‍പ്പിനു ശേഷം അവള്‍ ഈ ലോകത്തോട്‌ തന്നെ വിട പറഞ്ഞു. അന്നുവരെ രാജ്യം കണ്ടിട്ടില്ലാത്ത സമരമുറക്കായിരുന്നു തലസ്ഥാന നഗരം പിന്നീടു സാക്ഷിയായത്. ആയിരക്കണക്കിന് യുവാക്കള്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പറഞ്ഞു നിരത്തിലറങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇത്. ജീര്‍ണ്ണിച്ചു കിടക്കുന്ന നമ്മുടെ ശിക്ഷാനിയമം മാറ്റുന്നത് വരെ അവര്‍ സമരം ചെയ്തു. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിനും സമരക്കാരുടെ വാക്കുകളെ മാനിക്കെണ്ടാതായി വന്നു.

കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയ ഭേദമന്യേ യുവത്വം തെരുവില്‍ അണിനിരന്നപ്പോള്‍ ഒരു പുതിയ സമര മുഖത്തിന്‌ വഴി തുറന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബാലാല്സംഗത്തിനെതിരെ പ്രതികരിക്കാന്‍ വേണ്ടിയാണ് കണ്ണൂരിലെ ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധത്തിന്റെ നിറമായ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി തെരുവില്‍ അണിനിരന്നത്. കണ്ണൂര്‍ സെന്റ്‌ മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി ടൌണ്‍ സ്ക്വയറില്‍ സമാപിച്ചു.

ലോകപ്രശസ്തമായ ഈജിപ്തിലെയും ലണ്ടനിലെയും പുത്തന്‍ സമരമുഖത്തിനു വഴി തുറന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫെയ്സ്ബുക്ക് വഴിയാണ് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ എത്തിച്ചേര്‍ന്നത്. സമാപന പൊതുയോഗത്തില്‍ വിവിധ യുവജന പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് റിജില്‍ മാക്കുറ്റി, സന്തോഷ്‌ കുമാര്‍, ശ്രീകുമാര്‍ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജിതിന്‍ കൃഷ്ണ, ഷൈജു ചാത്തന്‍ പള്ളി എന്നിവരും സംസാരിച്ചു. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയും ജീര്‍ണ്ണിച്ച നിയമ വ്യവസ്തയ്ക്കെതിരെയും രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു പോരാടാന്‍ ഇവര്‍ ആഹ്വാനം ചെയ്തു.

ചായക്കടയില്‍ നിന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്ക്.

പണ്ടത്തെ ചായക്കടയിലെ നാട്ടുവര്‍ത്താനവും ഇന്നത്തെ തലമുറയിലെ യുവാക്കളുടെ പ്രതികരണശേഷിയും നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്നവര്‍ക്ക് മറുപടിയായി ഫെയ്സ്ബുക്ക് കൂട്ടായ്മ്മയും അതിലെ ചൂട് പിടിച്ച ചര്‍ച്ചകളും മാറിക്കഴിഞ്ഞു. സമൂഹത്തിലെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് തിരിച്ചറിഞ്ഞ് പോരാടാനുള്ള ഒരു ശക്തിയായി ഇത്തരം ചര്‍ച്ചകള്‍ പക്വതയുള്ള യുവതലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ട് ആണെന്നും സാമ്രാജ്യത്വത്തിന്റെ കടന്നുവരവാണ് സ്ത്രീ പീഡനം കൂടാനുള്ള പ്രധാന കാരണം എന്നും സഖാവ് സന്തോഷ്‌ കുമാര്‍ അഭിപ്രായപ്പെട്ടു.

രാമായണ കഥാ പ്രേരിതമായ “മാ നിഷാദാ” എന്ന് തുടങ്ങുന്ന വാല്മീകി വചനം ഉരുവിട്ടുകൊണ്ടാണ് കണ്ണൂരിന്റെ കരുത്തനായ യുവനേതാവ് റിജില്‍ മാക്കുറ്റി പൊതുയോഗത്തെ അഭിസംബോധന ചെയ്തത്. ഇന്ന് ആധുനിക ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നടന്ന അതിക്രൂര ബാലാല്സംഗത്തില്‍ സൗമ്യ എന്ന പെണ്‍കുട്ടി മരണപ്പെടുകയും പ്രതിയായ ഗോവിന്ദ ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖലോലുപനായി കഴിയുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ സ്ത്രീ പീഡനങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് യുവമോര്‍ച്ച നേതാവ് ശ്രീകുമാര്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത എന്ജിനീയറിംഗ് വിദ്യാര്‍ഥിയായ സര്ഷിത്ത് പറഞ്ഞത് ഇങ്ങനെ: “അമ്മയെയും പെങ്ങന്മാരേയും തിരിച്ചറിയാന്‍ പറ്റാത്ത ചെന്നായ്ക്കള്‍ക്ക് അറബ് രാജ്യങ്ങളില്‍ നല്‍കുന്ന ശിക്ഷാ രീതി ഇന്ത്യയിലും നടപ്പിലാക്കണം. ഇത്തരം ക്രൂരക്രിത്യങ്ങള്‍ക്കെതിരെ എന്നെപ്പോലെയുള്ള യുവാക്കള്‍ ശക്തമായി പ്രതികരിക്കണം.”
“നമ്മുടെ സഹോദരിമാരായ ജ്യോതിക്കും സൗമ്യയ്ക്കും ഉണ്ടായ ദാരുണ മരണം ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാകാന്‍ പാടില്ല. എന്നെപ്പോലെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിതമായി ഈ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമില്ലേ? ” പ്ലസ് വണ്‍ സ്റ്റുഡന്റായ സൗമ്യ രോഷത്തോടെ ഞങ്ങളോട് ചോദിച്ചു. സ്വതന്ത്ര ഭാരതം എന്ന് നമ്മള്‍ അവകാശപ്പെടുന്ന, എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന് വാദിക്കുന്ന സമൂഹത്തില്‍ നമ്മുടെ സഹോദരിമാര്‍ക്കെതിരെ നടക്കുന്ന ഈ അക്രമങ്ങള്‍ക്കെതിരെ അധികാരികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥ എന്തിനു അറച്ചുനില്‍ക്കുന്നു?- ഡിഗ്രീ വിദ്യാര്‍ഥിനിയായ കാതറിന്‍ പ്രതികരിച്ചു. ചക്കരക്കല്‍ മലബാര്‍ കോളേജിലെ ജിത്തുവിനും പറയാനുള്ളത് ഇത് തന്നെ.

ഇനിയും ആര്‍ക്കു വേണ്ടി കാത്തുനില്‍ക്കുന്നു..? ചായ കുടിക്കാന്‍ കാശില്ലാതെ, ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ മോഷ്ടിക്കുന്നവന് മൂന്നാം മുറ. ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നരാധമന്‍മാര്‍ക്ക് ജയിലില്‍ സുഖവാസം. നമ്മുടെ നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഉണര്‍ന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തിടത്തോളം കാലം സമൂഹത്തില്‍ ഇത്തരം തിന്മകളും അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നുകൊണ്ടേയിരിക്കും.

ഇന്ത്യയില്‍ 121 കോടി ജനങ്ങളുടെയും സംരക്ഷണം ഭരണകൂടത്തിനാണ്. ഓരോ ഇന്ത്യന്‍ പൗരന്റെ ജീവനും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇന്നും അന്നും സ്ത്രീകള്‍ പലരീതിയിലുള്ള പീഡനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരുന്നു എന്നത് നഗ്നമായ സത്യം മാത്രം. ഈ പീഡനങ്ങള്‍ക്ക് മാറ്റം ഉണ്ടാകണമെങ്കില്‍ കൃത്യമായ, യുവ സമുഹം ഉണരേണ്ടത് അത്യാവശ്യം ആണ് . ഇന്ന് ഇവിടെയും ഉണര്‍ന്നത് യുവ വികാരം മാത്രം. പ്രധിഷേധം പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ

കുറ്റവാളികളെ ശിക്ഷിക്കാനുള്ള കഴിവ് നിയമം നടപ്പക്കുന്നവര്‍ക്ക് ഉണ്ടാകണം അതിനുള്ള ചങ്കുറപ്പ് അവര്‍ കാണിച്ചേ തിരു ആത്മാര്‍ത്ഥതയോടെ നിയമം നടപ്പാക്കാന്‍ ഭരണ കുടം തയ്യാറായാല്‍, വേദനിക്കുന്ന മനസ്സിനെ കാണാന്‍ അധികാര വര്‍ഗ്ഗം തയ്യാറായാല്‍ ഇത്തരം പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നു തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *

*