Home » News » Current Affairs » ഇ എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു….

ഇ എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു….

>

ഇ  എം എസിനെ ചെരുപ്പ് കൊണ്ടെറിഞ്ഞു എന്ന കള്ളക്കഥ പൊളിയുന്നു….

സഖാവ് ഇ എം എസിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇ എം എസിന്റെ മരുമകനും മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉം ആയിരുന്ന സി കെ ഗുപ്തന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലും എഴുതിയ ‘സഭയിലെ ചെരിപ്പേറ്’ എന്ന അനുസ്മരണമാണ് വസ്തുതാപരമായ വിശകലനത്തില്‍ പോളിയുന്നത്.

Photo 1

ശ്രീ ഗുപ്തന്റെ വാക്കുകളില്‍നിന്ന്…

‘….അടിയന്തിരാവസ്ഥക്കാലം. ഇ എം എസ്സും എ കെ ജി യും ജയിലില്‍ അല്ല. ഒളിവിലുമല്ല. അറസ്റ്റു ഭീതിയുമില്ല.ചിലപ്പോള്‍ അറസ്റ്റുചെയ്യും. ഒരാഴ്ച ജയിലില്‍ . പിന്നെ വിടും. അന്ന് കേന്ദ്രം ഭരിക്കുന്നത് ഇന്ദിരഗാന്ധിയും. കേരളം ഭരിക്കുന്നതു പ്രത്യക്ഷമായി സി പി ഐ നേതാവും മുഖ്യമന്ത്രിയും ആയ സി അച്യുതമേനോനും പരോക്ഷമായി ആഭ്യന്തരവകുപ്പ് മന്ത്രി കെ കരുണാകരനും ആയിരുന്നല്ലോ. അതുകൊണ്ട് ഇ എം എസ്സിനെയും എ കെ ജി യെയും തടങ്കലില്‍ വെക്കുന്നതിനോടു യൂ എസ്സ് എസ്സ് ആറി( സോവിയറ്റ് റെഷ്യ )ന് അത്ര യോജിപ്പുണ്ടായിരുന്നില്ല. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പായിരുന്നു, കാരണം.

അക്കാലത്ത് ഒരിക്കല്‍ അസ്സംബ്ലി നടക്കുന്ന കാലം. ഇ എം എസ്സ് പ്രതിപക്ഷെ നേതാവ്. കരുതല്‍ തടങ്കല്‍ പ്രകാരം അറസ്റ്റുചെയ്യുകയും രാജ്യത്താകമാനം പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും ചെയ്യുന്നതിന് എതിരായി അസ്സംബ്ലിയില്‍ നിയമസഭ പ്രതിപക്ഷ പാര്‍ലിമെന്റ് റി പാര്‍ട്ടി സേക്രട്ടറി സി ബി സി വാരിയര്‍ അടിയന്തിരപ്രമേയം കൊണ്ടുവന്നു. ബഹളമായി. വാക്കൌട്ട് നടത്താന്‍ ഇ എം എസ്സ് എണീറ്റു.അപ്പോള്‍ ട്രെഷറി ബെഞ്ചില്‍ നിന്ന് കൊണ്ഗ്രസ്സു നേതാവും പട്ടികജാതി  പട്ടികവര്‍ഗ്ഗ സംവരണ സീറ്റില്‍ നിന്ന് ജയിച്ച എം എല്‍ എ, കുട്ടപ്പന്‍, ‘ നിനക്ക് ഇതിരിക്കട്ടെ ‘ എന്നു പാഞ്ഞു ചെരുപ്പ് എടുത്തെറിഞ്ഞു. അത് ഇ എം എസ്സിന്റെ മുഖത്തു കൊണ്ടു. മേല്‍ചുണ്ട് പൊട്ടി. കണ്ണടപൊട്ടി. ചില്ല് താഴെ വീണു.സഭ നിറുത്തിവെച്ചു. ഇതൊക്കെ ഞാന്‍ ഒഫീഷ്യല്‍ ഗാലറിയില്‍ ഇരുന്നുകാണുന്നുണ്ടായിരുന്നു. ബാവാ ഹാജി ആയിരുന്നു സ്പീക്കര്‍. മുസ്ലീംലീഗിലെ അതീവസാത്വികനായ ആള്‍.. . അദ്ദേഹം ഇ എം എസ്സിനോട് വളരെ ആരാധനയുള്ള നേതാവായിരുന്നു. വീട്ടില്‍ വന്നു ക്ഷമ ചോദിച്ചു. ഇ എം എസ്സ് സമാധാനിപ്പിച്ചു. കുട്ടപ്പനെതിരായി നടപടി വേണ്ട എന്നു പറഞ്ഞു. കാരണം, ഒരു നമ്പൂതിരിയെ ( ഇ എം എസ്സ്)ചെരിപ്പെറിഞ്ഞു എന്ന് കള്ളക്കഥയുണ്ടാക്കി ഒരു ഹരിജനെ സസ്‌പെന്റുചെയ്തു എന്നു ഹരിജനങ്ങളുടെ ഇടയില്‍ പ്രചാരണം നടത്താനായിരുന്നു പരിപാടി.ആ കുബുദ്ധി മനസ്സിലാക്കി ആണ്അന്ന് നടപടി വേണ്ട എന്ന് ഇ എം എസ്സ് പറഞ്ഞത്..

അന്ന് ഇന്നത്തെപ്പോലെ അന്ന് ഇന്നത്തെപ്പോലെ ചാനലുകളുടെ തല്‍സമയ സംപ്രേക്ഷണമൊന്നും ഇല്ലല്ലോ. ആകെക്കൂടി ആകാശവാണിയുടെ പ്രാദേശികവാര്‍ത്തകള്‍ മാത്രം. അതും രാവിലെ ഏഴുമണിക്ക്, ഉച്ചക്ക് പന്ത്രണ്ടരക്ക്, വകുന്നേരം ആറു മണി കഴിഞ്ഞു. അന്ന് വാര്‍ത്ത വായിച്ചത് പ്രതാപന്‍ ആയിരുന്നു. ഇ എം എസ്സിന് ചെരിപ്പേറ കൊണ്ടവിവരം സംപ്രേക്ഷണം ചെയ്തു. കരുണാകരന്‍ പ്രതാപനെ വിളിച്ചു ചീത്ത പറഞ്ഞു. ഉദ്യോഗം തെറുപ്പിക്കും എന്നുപറഞ്ഞു. അതില്‍ നിന്ന് പ്രതാപനെ രേക്ഷിക്കാനും എനിക്ക് ഇടപെടേണ്ടി വന്നു…..’

എന്നാല്‍ രേഖകള്‍ സംസാരിക്കുന്നത് ശ്രീമാന്‍ ഗുപ്തന്റെ അവകാശവാദങ്ങളും ചരിത്രം എന്ന രീതിയില്‍ അവതരിപ്പിച്ച എല്ലാ പ്രസ്താവനകളും തെറ്റാണ് എന്നാണ്.

1970 സെപ്റ്റംബര്‍ 17 നാണ് കേരളത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ നാലാം നിയമസഭ 1970 ഒക്‌ടോബര്‍ നാലിന് നിലവില്‍ വന്നു. രണ്ടുവട്ടം നീട്ടിക്കിട്ടിയ ആയുസിന്റെ ബലത്തില്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. അന്ന് കോണ്‍ഗ്രസ് പാളയത്തിലായിരുന്നു സി.പി.ഐ. 1971 സെപ്റ്റംബര്‍ 25 മുതല്‍ ആഭ്യന്തര മന്ത്രിയായി കെ. കരുണാകാരന്‍ ചുമതലയേറ്റു. ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍നായര്‍, ബേബി ജോണ്‍ തുടങ്ങിയ പ്രമുഖര്‍ മന്ത്രിസഭയിലുണ്ട്. 133 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ. മുന്നണിക്കായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിനും മുന്നണിക്കും കൂടി 69 സീറ്റ്. സി.പി.എം. മുന്നണിക്ക് വെറും 37 സീറ്റുമാത്രം.

ആ കാലത്ത് നിയമസഭയ്ക്ക് മൂന്ന് സ്പീക്കര്‍മാരുണ്ടായി. കെ.മൊയിദീന്‍കുട്ടി ഹാജിയും(1970 ഒക്‌ടോബര്‍ 221975 മെയ് 8), ടി.എസ്. ജോണും (1976 ഫെബ്രുവരി 17 1977 മാര്‍ച്ച് 25) വിവിധ കാലങ്ങളില്‍ സഭ നിയന്ത്രിച്ചു. ഡപ്യൂട്ടി സ്പീക്കറായിരുന്ന ആര്‍.എസ്. ഉണ്ണിക്കായിരുന്നു 1975 മെയ് 9 മുതല്‍ 1976 ഫെബ്രുവരി 16 വരെ സ്പീക്കറിന്റെ ചുമതല. ഈ സമയത്ത് എന്‍.എന്‍. വാന്‍ചൂവായിരുന്നു ഗവര്‍ണര്‍ (1973 ഏപ്രില്‍ 1 1977 ഒക്‌ടോബര്‍ 10).

ബാവാഹാജി എന്ന കെ.മൊയിദീന്‍കുട്ടി ഹാജിഎമര്‍ജന്‍സി കാലത്ത് സ്പീക്കറേ ആയിരുന്നില്ല….. 1975 മെയ് എട്ടിനു അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 1975 ജൂന്‍ 26നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.  http://niyamasabha.org/codes/ginfo_7.htm

ആകാശവാണിയില്‍ വാര്‍ത്ത! വരുന്നതിന്റെ ഉത്തരവാദി വാര്‍ത്ത വായിക്കുന്ന ആളാണെന്നു കൂടി ധ്വനിപ്പിക്കുന്നു. ഡോക്ടര്‍ എം എ കുട്ടപ്പന്‍ 1980 ഇല്‍ വണ്ടൂരില്‍ നിന്നാണ് ആദ്യമായി നിയമസഭാ അംഗം ആകുന്നതു, http://www.niyamasabha.org/codes/members/m369.htm

നാലാം കേരള നിയമസഭയില്‍ അംഗമായിരുന്ന മറ്റൊരു കുട്ടപ്പന്‍ നേമം നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച ജി കുട്ടപ്പന്‍ ആണ്.അദ്ദേഹം പട്ടികജാതി  പട്ടികവര്‍ഗ്ഗ സംവരണ സീറ്റില്‍ നിന്ന് ജയിച്ച ആളല്ല.മാത്രവുമല്ല. ജി കുട്ടപ്പന്‍ 1975 മാര്‍ച്ച് 20 നു അന്തരിച്ചു.അഞ്ചാം കേരള നിയമ സഭയില്‍ കുട്ടപ്പന്‍ എന്ന് പേരുള്ള ആരും ഉണ്ടായിരുന്നില്ല. ഈ വിവരങ്ങള്‍ ഒക്കെ കേരള നിയമ സഭയുടെ വെബ്‌സൈറ്റില്‍ നിന്നും വളരെ എളുപ്പം ലഭിക്കുന്നതാണ്.

Photo 2വസ്തുതാപരമായ പിശകുകള്‍ ചേര്‍ന്ന ഈ കുറിപ്പ് നീക്കം ചെയ്യണം എന്ന മുറവിളി വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ അന്ന് നിലവിലിരുന്ന പ്രതിപക്ഷം തീര്‍ത്തും നിര്ജീവമായിരുന്നു എന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ വാദിക്കുന്നു.

‘ഭരണഘടനാപരമായി 1975 ഒക്‌ടോബര്‍ 21 വരെയായിരുന്നു സഭയുടെ കാലാവധി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കേണ്ട തിരുഞ്ഞടുപ്പ് ആറുമാസം നീട്ടാന്‍ കേന്ദ്ര മന്ത്രിസഭ 1975 ജുലൈയില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ആദ്യമാണ് ഒരു സംസ്ഥാന നിയമസഭയുടെ കാലാവവധി നീട്ടുന്നത്. ഇതിന് 1976 സെബ്റ്റംബര്‍ 21 ന് ലോക്‌സഭ അംഗീകാരം നല്‍കി.
1975 ജൂലൈ 30 31, ഓഗസ്റ്റ് 4 9, 1976 ഫെബ്രുവരി 1327, മാര്‍ച്ച് 131, ഏപ്രില്‍123, ഒക്‌ടോബര്‍ 1119, ഡിസംബര്‍ 20 23 തീയതികളിലായി അടിയന്തരാവസ്ഥ കാലത്ത് നിയമസഭ സമ്മേളിച്ചു. വിവിധഘട്ടങ്ങളിലായി എഴുപതുദിവസങ്ങളോളം സഭ ചേര്‍ന്നു. അതില്‍ 16 ദിവസം സഭയില്‍ അടിയന്തിരാവസ്ഥയെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളെപ്പറ്റിയോ ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. ആകെ മൂന്ന് ദിവസം മാത്രമാണ് അടിയന്തിരാവസ്ഥയെപ്പറ്റി ഗൗരവമുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. തടവുകാരുടെ എണ്ണം, പോലീസുകാരുടെ മര്‍ദനം തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ബാക്കിയുള്ള ദിവസങ്ങളില്‍ ഉണ്ടായത്. പ്രതിപക്ഷ നേതാവായ ഇ.എം.എസ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഗൗരവത്തോടെ സംസാരിച്ചത് മൂന്ന് ദിവസം മാത്രം. കാര്യമായ ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായില്ല എന്നര്‍ത്ഥം. ഒരിക്കല്‍ ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിച്ചു. മറ്റൊരിക്കല്‍ മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. എന്നാല്‍ ഒരു മുദ്രാവാക്യവും മുഴങ്ങിയില്ല.

അടിയന്തരാവസ്ഥകാലം മുഴുന്‍ സഭയുടെ കാര്യങ്ങള്‍ തടസ്സമില്ലാതെ മുറപോലെ നടന്നു. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടുവോളമുണ്ടായിരുന്നു താനും.’

Photo 3
‘കേരളം ഭരിക്കുന്നതു പ്രത്യക്ഷമായി സി പി ഐ നേതാവും മുഖ്യമന്ത്രിയും ആയ സി അച്യുതമേനോനും പരോക്ഷമായി ആഭ്യന്തരവകുപ്പ് മന്ത്രി കെ കരുണാകരനും ആയിരുന്നല്ലോ…?’ എന്ന നിര്‌ദോഷം എന്ന് തോന്നുന്ന ചോദ്യത്തിലൂടെ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി സി അച്ചുതമേനോനെ താറടിച്ചു കാണിക്കാന്‍ ശ്രേമം നടത്തിയതായും പരാതി ഉയരുന്നു.

സൈബര്‍ ലോകത്ത് വന്‍ വിവാദമായ ഈ പ്രസ്താവനകളെ പഴയ കെ എസ് എഫു ബന്ധം ഉപയോഗിച്ച് സാധൂകരിക്കാന്‍ സ്രെമിച്ചിട്ടു തകര്‍ന്നു പോകുന്ന കാഴ്ചയും കാണാം.

ചരിത്രത്തെ ‘ഞാന്‍ എന്റെ കണ്ണ് കൊണ്ടു കണ്ടു.കാതു കൊണ്ടു കേട്ടു’ എന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളെയും കൂടുതല്‍ ജാഗരൂകരായി എഴുതുവാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ വിവാദം.ഒപ്പം കേരളീയ യുവത്വം ചരിത്രപരമായ വസ്തുതകളില്‍ ഇത്രത്തോളം ശ്രദ്ധാപൂര്‍വം സമീപിക്കുന്നു എന്നതും ഒരു നല്ല ലക്ഷണമാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*