Home » News » Current Affairs » 18 തികയാത്തവര്‍ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട് – ഹൈക്കോടതി വിശദീകരണം തേടി

18 തികയാത്തവര്‍ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട് – ഹൈക്കോടതി വിശദീകരണം തേടി

>

facebookന്യൂഡല്‍ഹി: 18 വയസ്സ് തികയാത്തവര്‍ക്ക് ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൗണ്ട് എടുക്കുന്നതിനെ കുറിച്ച് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സത്യവാങ്ങ്മൂലം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നിയമം അനുവദിക്കാതിരുന്നിട്ടും എങ്ങനെയാണ് പതിമൂന്നുകാരന് പോലും ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കാനായത് എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് പുറമെ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെയ് 13 ന് മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്.

ബി.ജെ.പിയുടെ മുന്‍ താത്വികാചാര്യനായ കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുറക്കുന്നത്, ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ഗോവിന്ദാചാര്യ പ്രത്യേകം ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കരാറില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.

രാജ്യത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ടുള്ളവരുടെയും ഭാവിയില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നു.
ലൈംഗിക അതിക്രമങ്ങളിലും, മറ്റു ഹീനമായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരുടെ പട്ടിക ദേശീയതലത്തില്‍ തയാറാക്കി അത്തരക്കാര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നത് തടയണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം.
<

Leave a Reply

Your email address will not be published. Required fields are marked *

*