Home » News » Current Affairs » ഡല്‍ഹി മാനഭംഗം; രഹസ്യ വിചാരണയ്ക്ക് ഉത്തരവ്

ഡല്‍ഹി മാനഭംഗം; രഹസ്യ വിചാരണയ്ക്ക് ഉത്തരവ്

>

Delhi gang rape Justiceഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട മാനഭംഗത്തിനും മര്‍ദ്ദനത്തിനും ഇരയായി മരണപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിചാരണ രഹസ്യമായി നടത്താന്‍ സാകേതിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വിചാരണ നടക്കുന്നിടത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും പ്രതികളുടെ അഭിഭാഷകര്‍ക്കും മാത്രമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തും. കോടതിയുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാവിലെ പ്രതികള്‍ക്കായി കേസ് വാദിക്കാന്‍ വന്ന അഭിഭാഷകരും അതിനെ എതിര്‍ത്ത അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതികള്‍ക്കായി ഹാജരായവരെ വനിതാ അഭിഭാഷകര്‍ വളഞ്ഞുവെച്ചു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് രഹസ്യ വിചാരണയെന്നും കോടതി പറഞ്ഞു.

വിചാരണ തുടങ്ങാനിരിക്കെ ഈ കേസിലെ രണ്ട് പ്രതികള്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന പവന്‍ഗുപ്ത, വിനയ്ശര്‍മ എന്നിവരാണ് മാപ്പു സാക്ഷികളാകാന്‍ തയ്യാറായവര്‍. ബസ്സിലെ ഡ്രൈവറായ രാംസിങ്, സഹോദരന്‍ മുകേഷ് എന്നിവര്‍ കേസില്‍ നിയമസഹായവും തേടി.

പൊതുവേ തെളിവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള കേസുകളിലാണ് പ്രതികളെ മാപ്പുസാക്ഷികളാക്കുക. പകരം ഇവര്‍ക്ക് ശിക്ഷ ഇളവുചെയ്ത് കൊടുക്കാറാണ് പതിവ്. എന്നാല്‍ ഡല്‍ഹി സംഭവത്തിലെ പൈശാചികത കണക്കിലെടുക്കുമ്പോള്‍ മാപ്പുസാക്ഷിയാക്കാന്‍ സാധ്യത തീരെയില്ലെന്ന് പറയപ്പെടുന്നു. പ്രതികളുടെ റിമാന്‍ഡ് കാലാവധി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ജ്യോതി ക്ലേര്‍ ജനവരി 19 വരെ നീട്ടി.

ഡല്‍ഹി സംഭവത്തില്‍ ജനവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് നമ്രിത അഗര്‍വാള്‍ ശനിയാഴ്ച വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് കേസിന്‍റെ തിങ്കളാഴ്ച വിചാരണ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ വാറന്റും പുറപ്പെടുവിച്ചു. ആറുപ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈല്‍ കോടതിയുടെ കീഴിലാണ് നടക്കുക.

 
<

Leave a Reply

Your email address will not be published. Required fields are marked *

*