Home » News » ഹൈടെക് മോഷണം നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍

ഹൈടെക് മോഷണം നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍

തിരുവനന്തപുരം: മികച്ച സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയ വീട്ടില്‍ നിന്ന് ഹൈടെക് രീതിയില്‍ ആഡംബര കാര്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ വന്‍ കവര്‍ച്ച നടത്തിയത് രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോര്‍ എന്ന രവീന്ദ്ര സൈന്‍ ആണെന്ന് പൊലിസ്നം. ഡല്‍ഹി സ്വദേശിയായ ഇയാള്‍ രാജ്യത്താകമാനം അഞ്ഞൂറിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് ഇയാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.

രവീന്ദ്ര സിംഗ് മുന്‍പ് പല തവണ പൊലിസ് പിടിയില്‍ ആയിട്ടുണ്ടെങ്കിലും വളരെ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. മുന്‍പ് സ്വകാര്യ ഡിറ്റക്ടീവ് ആയിരുന്നു രവീന്ദ്ര സിംഗ്. പിന്നീടു ഇയാള്‍ ദക്ഷിണേന്ത്യയിലേക്ക് താവളം മാറ്റുകയായിരുന്നെന്നും പൊലിസ് പറയുന്നു. പൊലീസിനും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇയാളുടെ മോഷണ രീതിയാണ് ഇയാളെ കുപ്രസിധനാക്കിയത്. ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ എത്തി മോഷണം നടത്തുകയാണ് ഇയാളുടെ പൊതുവേ ഉള്ള ശൈലി. ആഡംബര കാറുകളും ഉപകരണങ്ങളുമാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കാറുള്ളത്. മുമ്പ് ഇന്ത്യ ടിവിയുടെ ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.

വന്‍സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലങ്ങളില്‍ കയറി അതിവിദഗ്ധമായി മോഷണം നടത്തുക എന്നതാണ് ബണ്ടിയുടെ രീതി. തന്റെ മോഷണത്തിന് പാവപ്പെട്ടവനോ പണക്കാരനോ ഇല്ലെന്നും ഇഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടാല്‍ മോഷ്ടിക്കുക എന്നതാണ് തന്റെ ശൈലിയെന്നും ബണ്ടി ഒരിക്കല്‍ പറഞ്ഞിരുന്നു.

ഒറ്റക്കാണ് ഇയാള്‍ മോഷണം നടത്തി വരുന്നത്. ഇയാള്‍ മോഷണം നടത്തുന്നതിനായി തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. “ഓയ് ലക്കി” എന്ന പേരില്‍ ബണ്ടി ചോറിനെ കുറിച്ച് സിനിമയും ഇറക്കിയിരുന്നു.

ഇയാള്‍ കേരളം വിട്ടുപോയിട്ടുണ്ടാകാം എന്നാണു പൊലിസ് കരുതുന്നത്. വിരലടയാളം ഉള്‍പ്പെടെ ഇയാളെ കുറിച്ചുള കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

വിദേശമലയാളിയായ വേണുഗോപാലന്‍ നായരുടെ മരപ്പാലം-മുട്ടട റോഡിലെ വിഷ്ണുഭാവനില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് 28 ലക്ഷം രൂപയുടെ ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടത്.

വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗാസ് ഇളക്കി മാറ്റി അകത്തു കടന്ന ബണ്ടി, താക്കോല്‍ സംഘടിപ്പിച്ച ശേഷം റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. നന്തന്‍കോട്ടെ വീട്ടില്‍ നിന്നും കര്‍ണാടക റജിസ്ട്രേഷനുള്ള മോഷ്ടിച്ച കാറിലെത്തിയ ഇയാള്‍ ഇത് ഇവിടെ ഉപേക്ഷിച്ചാണ് ആഡംബര കാറില്‍ കടന്നത്. മോഷ്ടാവിന്റെ ചിത്രം ക്യാമറയില്‍ കൃത്യമായി പതിഞ്ഞത് പൊലീസിനു സഹായകമായി. എല്ലാ സുരക്ഷാ സംവിധാനത്തോടും പണി കഴിപ്പിച്ച വീട്ടില്‍ ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടന്നതു അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

കെഎല്‍ 01 ബിജി 29 എന്ന റജിസ്ട്രേഷന്‍ നമ്പറുള്ള കാറിനു പുറമെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ് ടോപ്പ്, അരലക്ഷത്തിലേറെ വിലവരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, മകളുടെ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ മോതിരവും അടങ്ങിയ ബാഗ്, രണ്ടു കാറുകളുടെയും, വീട്ടിലെ സകല മുറികളുടെയും ഗേറ്റിന്റെയും താക്കോലുകള്‍, 2000 രൂപ എന്നിവയാണു മോഷ്ടിച്ചത്. വേണുഗോപാലന്‍ നായരും ഭാര്യയും മകളും സഹോദരന്റെ മകളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഇദ്ദേഹത്തിന്റെ മകള്‍ പുലര്‍ച്ചെ ഒരുമണി വരെ ലാപ്ടോപ്പ് ഉപയോഗിച്ചിരുന്നു. അതിനാല്‍ അതിനു ശേഷമാണു കവര്‍ച്ച നടന്നതെന്നു വ്യക്തമായി. വീടിന്റെ മുന്‍വശത്തെ ചുവരിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കി മാറ്റിയ നിലയില്‍ ആയിരുന്നു. മറ്റു ചുവരുകളില്‍ ഘടിപ്പിച്ചിരുന്ന ഗ്ലാസുകള്‍ മൂന്നു സ്ഥലത്ത് ഇളിക്കിമാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാതില്‍ തുറന്നാല്‍ അലാം കേള്‍ക്കുന്ന സംവിധാനം അവിടെ ഉണ്ടായിരുന്നു. ഗാസുകള്‍ വെറും തടി റീപ്പറുകളില്‍ പിടിപ്പിച്ചിരുന്നതിനാല്‍ കള്ളന് ഇത് എളുപ്പം ഇളക്കിമാറ്റാന്‍ സാധിച്ചു.

ജനാലയ്ക്ക് ഇരുമ്പു ഗ്രില്ലും ഇല്ലാതിരുന്നതും ഇയാള്‍ക്ക് എളുപ്പമായി. മോഷണം പോയ ആഡംബര കാര്‍ ഓടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം വേണമെന്നും കമ്പനി ജീവനക്കാര്‍ അതു തനിക്കും മകനും ഡ്രൈവര്‍ക്കും മാത്രമാണു പഠിപ്പിച്ചിട്ടുള്ളതെന്നും വേണുഗോപാലന്‍ നായര്‍ പൊലീസിനോട് പറഞ്ഞു. ഇതില്‍ ജിപിആര്‍എസ് സംവിധാനം ഉള്ളതിനാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പൊലീസ് കരുതുന്നത്. വീടിനു ചുറ്റുമായി സ്ഥാപിച്ചിരുന്ന ആറു നിരീക്ഷണ ക്യാമറകളില്‍ രണ്ടെണ്ണം ഇയാള്‍ തകര്‍ത്ത നിലയിലായിരുന്നു.

മറ്റുള്ളവയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്നാണെന്നു സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പേരൂര്‍ക്കട സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*