Home » News » Current Affairs » മോടി കൂട്ടി മോഡി

മോടി കൂട്ടി മോഡി

>

narendra modiഒരിക്കല്‍ ഒരു നരേന്ദ്രന്‍ കടല്‍ കടന്നു പാശ്ചാത്യരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു പൌരസ്ത്യ സൌരഭ്യം വിളിച്ചോതുന്ന ഗംഭീര്യത്തോടെ, ചിക്കാഗോയില്‍ നിന്നു ഭാരതത്തിന്റെ നേര്‍ക്ക് നോക്കാന്‍ പാശ്ചാത്യരോടു ആഹ്വാനം ചെയ്തു .അതൊരു സിംഹ ഗര്‍ജനമായിരുന്നു, മറ്റൊരു നരേന്ദ്രന്‍ പ്രതിസന്ധികളുടെ ചാരത്തില്‍ നിന്നു എതിര്‍പ്പുകളെ പട്ടു പരവതാനിയാക്കി ഭരതത്തിന്റെ സിംഹ ഗര്‍ജനം ഗുജറാത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചു . ആദ്യത്തെയാള്‍ സ്വാമി വിവേകാനന്ദന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തെയാള്‍ മറ്റാരുമല്ല 1950 സെപ്റ്റംബര്‍ 17നു ദാമോദര്‍ദാസ് മുള്‍ചന്ദ് മോഡിയുടെയും ഹീരബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായ് ജനിച്ച നരേന്ദ്ര ദാമോദരദാസ് മോഡി. ദേശ സ്ന്ഹേഹത്തിന്റെ തീവ്ര വികാരം കൊണ്ട് നടക്കുന്ന കടുത്ത അച്ചടക്കം ഓരോ ചലനത്തിലും സൂക്ഷിയ്ക്കുന്ന ആര്‍‌.എസ്‌.എസ്സിലൂടെ കടന്നു വന്ന ഈ രാഷ്ട്രമീമാംസ ബിരുദാനന്തര ബിരുദധാരി ഓരോ ചുവടുവെയ്പ്പിലും സ്വന്തം വ്യക്തി പ്രഭാവം കാത്തു സൂക്ഷിക്കുവാന്‍ ശ്രമിക്കുന്നു. ഒരിക്കല്‍ ഒരു മോഡി ആരാധകന്‍ വളരെ രസകരമായ ഒരു കാര്യം പറഞ്ഞു പതിനൊന്നു ലക്ഷം ആളുകള്‍ ട്വീറ്ററില്‍ മോഡിയെ പിന്തുടരുമ്പോള്‍ പക്ഷേ മോഡി ആരെയും പിന്തുടരുന്നില്ല.

അതേ മോഡി അങ്ങനെയൊക്കെയാണ് ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്നതിലും മോഡി മോഡിയുടെതായ ശൈലി കാത്തു സൂക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഇവെന്‍റ് മാനേജര്‍മാരുടെ സഹായത്തോടെ പട്ട ചാരായവും ദിവസക്കൂലിയും ഒരു പൊതി കോഴി ബിരിയാണിയും കൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മോഡി സഞ്ചരിക്കുന്ന വഴികളില്‍ ജനങ്ങള്‍ തിങ്ങി കൂടുകയാണ്. എതിരാളികള്‍ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം മോഡിയെ നേരിട്ടപ്പോള്‍ മോഡി നടന്നത് വികസനത്തിന്റെ വഴികളിലൂടെയാണ്. ഗുജറാത്തിന് സ്വന്തമായ് ഒരു സാറ്റ്-ലൈറ്റ് വേണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന വെത്യസ്തനായ രാഷ്ട്രീയക്കാരന്‍,അരിയില്ല,പച്ചക്കറിയില്ല, വൈദ്യുതിയില്ല എന്നു വേണ്ട എല്ലാത്തിനും സ്വന്തം കഴിവുകേട് മറച്ചു വെക്കാന്‍ ,കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കൈനീട്ടുന്ന മുഖ്യന്മാരും മന്ത്രിമാരെയും കാണുമ്പോള്‍ സിന്ദാബാദ് വിളിക്കുന്ന മലയാളികള്‍ മോഡിയെ സൂക്ഷ്മമായ് പഠിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായ് ഭാരതം ഭരിച്ച കോണ്‍ഗ്രസ്സ് തകര്‍ത്തെറിഞ്ഞത് ഒരു ജനതയുടെ വികസന സ്വപ്നങ്ങള്‍ ആയിരുന്നെങ്കില്‍, തുടര്‍ച്ചയായ് ബംഗാള്‍ ഭരിച്ച ഇടത്തു പക്ഷം ചവിട്ടി മെതിച്ചത് വ്യവസായങ്ങളുടെ നഗരം എന്ന കല്‍കട്ടയുടെ യശ്ശസ്സിനെയായിരുന്നു. ഇവിടെയാണു മൂന്നാംതവണ ജനവിധി അനുകൂലമാക്കിയ നരേന്ദ്രമോഡി തിളങ്ങുന്നത്. വികസനം ഒരു ഭരണാധികാരിയുടെ സിരകളില്‍ മന്ത്രമായ് ഒഴുകാന്‍ തുടങ്ങുംബോള് ജനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ നല്കാന്‍ അദ്ദേഹത്തിന് കഴിയും എന്നു തെളിച്ചിരിക്കുകയാണ് മോഡി. ഭാരതത്തിലെ ഏറ്റവും മികച്ച വികസന നയം ഉള്ള സംസ്ഥാനം എന്ന ബഹുമതി, വ്യവസായങ്ങള്‍ക്ക് അടിഥാന സൌകര്യം ഒരുക്കുക എന്ന ലളിതമായ ബിസിനെസ് തന്ത്രം ആണ് ഗുജറാത്ത് പരീക്ഷിച്ച് വിജയിച്ചത്. സൌരാഷ്ട്രയിലെ വരണ്ടുണങ്ങിയ കൃഷിയിടങ്ങളില്‍ ജലം എത്തിക്കാന്‍ സര്ക്കാര്‍ നടപ്പാക്കിയ ചെറു ജലസേചന പദ്ധതികള്‍ ലോക ശ്രദ്ധ പിടിച്ച് പറ്റി. നര്‍മദ നദിയുടെ കനാലുകള്‍ക്ക് മീതെ സൌരോര്‍ജ പ്ലാന്‍റ് സ്ഥാപിക്കുക വഴി ഗുജറാത്ത് ഉല്‍പാദിപ്പിച്ചത് 600 മെഗാ വാട്ട് വൈദ്യുതി ആയിരുന്നു. കേരളത്തില്‍ നിന്നു പോലും മന്ത്രിമാര്‍ വികസന മന്ത്രം പഠിക്കാന്‍ ഗുജറാത്തിലേക്ക് വണ്ടി കയറുന്നു.
പക്ഷേ ഇക്കുറി തിരഞ്ഞെടുപ്പില്‍ മോഡിക്കു കടമ്പകള്‍ ഏറെയായിരുന്നു , പഴയ കാക്കി നിക്കര്‍ സുഹൃത്ത് കേശുഭായ് പട്ടേല്‍ മുതല്‍, കടുത്ത ഹിന്ദുത്വ വാദികള്‍ വരെ മോഡിയ്ക്കെതിരായ് നിലകൊണ്ടു. തിരഞ്ഞെടുപ്പ് വിജയം ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വാതിലുകളുടെ താക്കോലാണെന്ന തിരിച്ചറിവു ഉറക്കം കെടുത്തിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ അധികാരെ കേന്ദ്രങ്ങളെ കൂടെയാണ്. പക്ഷേ പ്രചാരണം കത്തി കയറിയപ്പോള്‍ എതിര്‍ചേരികളില്‍ വല്ലാത്തൊരു ആത്മവിശ്വാസക്കുറവുണ്ടാക്കാന്‍ മോഡിയുടെ ഇന്ദ്രജാലത്തിന് കഴിഞ്ഞു. ബി‌.ജെ‌.പി ടിക്കെറ്റില്‍ മല്‍സരിച്ച എല്ലാവര്ക്കും മോഡിയുടെ മുഖമായിരുന്നു. ഗുജറാത്തികളുടെ മനംകവര്‍ന്നു മോഡി കൈവീശി നടന്നു കയറുന്നത് ദേശീയ രാഷ്ട്രീയത്തിലേക്കാണ്.ചുവടുകള്‍ പിഴച്ച രാഹുല്‍ ഗാന്ധിക്കും, അഴിമതികളില്‍ മുങ്ങിയ കോണ്‍ഗ്രസ്സിനും എത്ര കണ്ടു മോഡിയുടെ അശ്വമേധത്തിന് കടിഞ്ഞാണിടാന്‍ കഴിയുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബി‌ജെ‌പി യുടെ നേതൃനിരയിലേക്ക് സംഘപരിവാറിന്റെ മാനസപുത്രന്‍ കടന്നു വരുന്നത് പരിവാര്‍ പ്രസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസവും ചെറുതല്ല.
ലോകത്തെ ഞെട്ടിച്ച ജൂലിയന്‍ ആസ്സാഞ്ചിന്റെ വികിലീക്സ് പുറത്തു വിട്ട അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളിലോന്നില്‍ 2006ഇല്‍ മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലര്‍ ജനറല്‍ മൈക്കല്‍ ഓവന്‍ മോഡിയെ കുറിച് ഇങ്ങനെ എഴുതിയിരിക്കുന്നു ” വിവേക ശൂന്ന്യനല്ലാത്ത , ജനോപകാരിയായ ,ഗുജറാത്തിലെ പൊതു രംഗത്ത് നിന്നു അഴിമതി തുടച്ചു നീക്കിയ ഭരണാധികാരി” . അതേ അമേരിക്കക്കാര്‍ മോഡിയെ കുറീച് എഴുതിയത് ലോകം മുഴുവന്‍ ശരിവെച്ചതിന്റെ ലക്ഷണമാണ് മോഡിയുടെ തല്‍സമയ ചോദ്യോത്തര വേളയുടെ സമയത്ത് അനിയന്ത്രിതമായ പ്രേക്ഷകരുടെ ഒഴുക്ക് മൂലം ലോകത്തിലെ ഏറ്റവും മികച്ച സെര്‍വറുകള്‍ സ്വന്തമായുള്ള ഗൂഗിള്‍ പോലും വിയര്‍ത്തത്.
സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ടവര്‍ പിന്നീട് മന്ത്രിയാവുകയും , രാജീവ് ഗാന്ധി ഇപ്പൊഴും കറപുരളാതെ തിളങ്ങുകയും ചെയ്യുമ്പോള്‍ ,മോഡിയുടെ ശോഭ കെടുത്താന്‍ പരിശ്രമിക്കുന്നവര്‍ സിഖ് വിരുദ്ധ കലാപം സൌകര്യപൂര്‍വം മറക്കുന്നു.വെറും 6 ദിവസം കൊണ്ട് ഗുജറാത്ത് കലാപം അടിച്ചമര്‍ത്തിയ മോഡി അനഭിമതനാവുന്നതിന് പിന്നില്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന എക്കാലവും പരീക്ഷിച്ചു വിജയം കണ്ട രാഷ്ട്രീയ തന്ത്രം തന്നെയാണെന്ന്. വികസനം ഓരോ പൌരനും അവകാശപ്പെട്ടതാണ് അതില്‍ താന്‍ മതവും രാഷ്ട്രീയവും കലര്‍ത്താറില്ല എന്ന മോഡിയുടെ വാക്കുകള്‍ ഗുജറാത്ത് നെഞ്ചിലേറ്റിയതിന്റെ തിളക്കം ആണ് മോടിയുടെ വിജയം. ഇത് വികസന രാഷ്ട്രീയത്തിന് ഇന്ത്യന്‍ ജനത നല്കിയ അങ്ഗീകാരമായ് കണക്കാക്കാം.

എഴുതിയത് –  ശ്യാം കുമാര്‍ ഹരിഹരന്‍
<

Leave a Reply

Your email address will not be published. Required fields are marked *

*