Home » News » ‘മറവില്‍ തിരിവ് സൂക്ഷിക്കുക….!!!!’

‘മറവില്‍ തിരിവ് സൂക്ഷിക്കുക….!!!!’

>

renjithn4k

നിത്യശത്രുക്കളോ നിത്യബന്ധുക്കളോ ഇല്ലാത്ത, ഗണിതത്തില്‍ പലപ്പോഴും ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാകാത്ത ഒരു പൊന്നാപുരം കോട്ടയാണ് കേരളത്തിലെ കൊണ്‌ഗ്രെസ്സ് രാഷ്ട്രീയം.അതിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയാവര്‍ ,അതിലെ ചുഴി മലരികളെക്കുറിച്ച് ബോധമുള്ളവര്‍ ,അങ്ങനെയുള്ളവര്‍ക്ക് സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പ്രസ്താവന യുടെ പിന്നാമ്പുറം കാണുവാന്‍ ചക്ശുസീ വേണ്ടതില്ല.
renjithn4k 1

എന്താണ് ശ്രീ സുകുമാരന്‍ നായര്‍ പറഞ്ഞത്…രത്‌നച്ചുരുക്കം…. രമേശ്  ചെന്നിത്തലയെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് എത്തിക്കണം.(മുഖ്യമന്ത്രിയാക്കണം എന്ന് പറഞ്ഞിട്ടേയില്ല).ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് അങ്ങ് ദൂരെ ഇന്ദ്രപ്രസ്ഥത്ത്തില്‍ രമേശ് ചെന്നിത്തലയുടെ വിധി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു എന്നാണ്.കാര്യക്കാരന്റെ പകര്ത്തിയെഴുത്തിനു ശേഷം അമ്മ മഹാറാണി തുല്യം ചാര്‍ത്തിയ,യുവരാജാവിന്റെ തൃക്കൈ വിളയാടിയ തിട്ടൂരം,കേരളത്തിലെത്തും.അതില്‍ ഇങ്ങനെയാവും ഉണ്ടാവുക.വേഗം കെ പി സി സി അധ്യക്ഷപദം ഒഴിയുക.(പണിക്കന്റെ പണി കൊള്ളാം,ഇഷ്ടപ്പെട്ടു,പക്ഷെ നാളെ മുതല്‍ പണിയേണ്ട എന്ന ശൈലി).പകരം ഇപ്പോഴത്തെ ഭരണത്തിനു ഉറപ്പു നല്കാന്‍ വേഗം മന്ത്രിയാവുക.

നമ്പര്‍ പത്ത്  ജനപത് അങ്ങിനെയാണ്.എല്ലാം ഒരു പാക്കേജ് ആയിരിക്കും.ആ സ്ഥാനത്ത് കാര്‍ത്തികേയനെയോ മറ്റോ അവരോധിക്കും.

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഉമ്മന്‍ ചാണ്ടി ,സ്വന്തം കയ്യിലിരുന്ന ആഭ്യന്തരം തിരുവന്ചൂരിനെ ഏല്പിച്ചത്.ഇനി മന്ത്രി സഭയിലെത്തിയാല്‍ രമേശിന് നാലാം സ്ഥാനമോ അഞ്ചാം സ്ഥാനമോ കൊണ്ട് തൃപ്തിപ്പെട്ടേ പറ്റൂ.

ഒരല്പം പിന്നോട്ട് പോകാം..

ഇലക്ഷനില്‍ രമേശ് ചെന്നിത്തലയുടെ സീറ്റിന്റെ കാര്യം തൊട്ടു പണി തുടങ്ങിയതാണ്.ഒടുവില്‍ സിറ്റിംഗ് എം എല്‍ എ ബി ബാബുപ്രസാദിനെ ഒഴിവാക്കി ആ സീറ്റില്‍ മത്സരിക്കേണ്ടി വന്നു(ദുര്യോധനനു കര്‍ണന്‍ എന്ന പോലെയാണ് രമേശു ചെന്നിത്തലക്ക് അഡ്വ ബി ബാബുപ്രസാദ്.ദോഷം പറയരുതല്ലോ ,സ്വതേ സ്ഥാന മോഹികളും ,അക്ഷര വിരോധികളും സാഹിത്യ ശൂന്യന്‍ന്മാരുമായിട്ടുള്ള നേതാക്കള്‍ ഒരുപാടുള്ള കൊണ്‌ഗ്രെസ്സില്‍ ഒരു അപവാദമാണ് ശ്രീ അഡ്വ ബി ബാബുപ്രസാദ്.നല്ല പരന്ന വായനയും,അതിനു തക്ക അറിവും സാഹിത്യ ബോധവും സര്‍വോപരി സ്വാമിഭക്തിയുമുള്ള നിഷ്‌കാമ കര്‍മന്‍)

renjithn4k 2

യമാകണ്ടക കാലത്ത് ജനിച്ച ഈ മന്ത്രിസഭയിലെ മുഖ്യമന്ത്രിക്കസേര മറ്റുള്ളവരുടെ കടുത്ത നിര്‍ബന്ധം കാരണം(?) ഏറ്റെടുക്കുമ്പോള്‍ കുഞ്ഞൂഞ്ഞ് രണ്ടു കാര്യങ്ങള്‍ അമ്മ മഹാറാണിയോട് ആവശ്യപ്പെട്ടിരുന്നു.

ഇടയ്ക്കു വെച്ച് മറ്റൊരാള്‍ക്ക് വേണ്ടി സ്ഥാനമോഴിയില്ല.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കണം.
രണ്ടു വരങ്ങളും അനുവദിക്കപ്പെട്ടു.എന്നാല്‍,ചെന്നിത്തല മന്ത്രിയാകാതെ പുറത്ത് നിന്നാലുള്ള അപകടത്തെക്കുറിച്ച് കിച്ചന്‍ കാബിനെറ്റിലെ ചേവുകക്കാര്‍ തിരുവുള്ളമുണര്‍ത്തിച്ചു.ഹൈക്കമാന്റ് നിര്‍ദേശം എന്ന നിലയില്‍ ചെന്നിത്തല മന്ത്രിയാകണമെന്നു പറയാന്‍ തീരുമാനിക്കുന്നു.

renjithn4k 3

ഓര്‍മ്മയുണ്ടോ അന്ന് എ ഐ സി സി പ്രതിനിധി എത്തുന്നതിനു തൊട്ടു മുന്‍പ് ഇന്ദിരാ ഭവനില്‍ പത്രക്കാരുടെ മുന്നിലേക്ക് ത്സടുതിയിലെത്തിയെ രമേശിനെ.അന്തരീക്ഷത്തില്‍ നിന്ന് ചോദ്യമുണ്ടാക്കി അദ്ദേഹം മറുപടി പറഞ്ഞു.ഞാന്‍ എന്ത് വന്നാലും ,ആര് പറഞ്ഞാലും മന്ത്രിയാവാനില്ല.മുന്‍ഗാമിയായ കെ മുരളീധരന്‍ വീണ കുഴിയില്‍ താന്‍ വീഴില്ല എന്ന് അദേഹത്തിന് ദൃഡ നിശ്ചയമുണ്ടായിരുന്നു. അപകടത്തിന്റെ ചൂര് എത്ര അകലെ നിന്നായാലും മണത്തറിയാനുള്ള ഘ്രാണശക്തിയുടെ ഏറ്റക്കുറച്ചിലുകളാണ്.രമേശിനെയും കെ മുരളീധരനെയും വ്യത്യസ്തരാക്കുന്നത്.

ഏതാനും നിമിഷങ്ങള്‍ക്കകം വിവിധ ചാനലുകള്‍ ബ്രെകിംഗ് ന്യൂസ് നല്കി.ചര്‍ച്ചാ തൊഴിലാളികള്‍ അവലോകനം തുടങ്ങി.മാഡത്തിന്റെ തിട്ടൂരം അപ്പോഴും മ്യൂസിയത്തെ ബ്ലോക്കില്‍ പെട്ട് കിടക്കുകയായിരുന്നു.(ഈ പ്രസ്താവനയിലെ അപകടം മനസ്സിലാക്കിയത് കൊണ്ടാവാം ,ഏറ്റവും അവസാനം ഈ വാര്‍ത്ത എയര്‍ ചെയ്തത് പത്ര മുത്തശ്ശിയുടെ സ്വന്തം ചാനലാണ്).

എന്തായാലും ആ പ്രസ്താവന സൃഷ്ടിച്ച പുകമറയില്‍ രമേശ്  അഭ്യന്തരമില്ലാത്ത മന്ത്രിയാവാതെ രക്ഷേപെട്ടു.പിന്നെ അഞ്ചാം മന്ത്രി വിവാദത്തിനു ശേഷം കുഞ്ഞൂഞ്ഞ് ആരോടും പറയാതെ ജാതിയില്‍ നായരായ തിരുവന്ചൂരിനെ പ്രമോഷന്‍ നല്‍കി ഉയര്‍ത്തി. അതോടെ ഭൂരിപക്ഷസമുദായത്തെ അവഗണിക്കുന്നു എന്ന പ്രചാരണത്തിന്റെ പോര്‍മുന ഒടിഞ്ഞു.

renjithn4k 5
ഇനി സുകുമാരന്‍ നായര്‍ പറഞ്ഞതിന്റെ മെറിറ്റിലേക്ക് കടക്കാം.

കേരള രാഷ്ട്രീയത്തില്‍ പത്ര മുത്തശ്ശിയും ,സഭയും കൂടി നട്ടു നനച്ചു വളര്‍ത്തിയ നെപന്തെസ് സസ്യമാണ്  (Nepenthes rajah) കുഞ്ഞൂഞ്ഞ്. കുഞ്ഞൂഞ്ഞിന് കേരള മുഖ്യമന്ത്രിയാവാമെങ്കില്‍ രമേശ്‌ചെന്നിത്തലക്കും ആവാം.കുഞ്ഞൂഞ്ഞ് അപകടകാരിയാണ്.അധികാരമുള്ള കുഞ്ഞൂഞ്ഞ് കരുനാകരനെക്കാള്‍ അപകടകാരിയാണ്.തന്ത്രവും കുതന്ത്രവും ഒരുപോലെ വഴങ്ങും.

ഒരുദാഹരണം പറയാം.

ആദ്യ ആന്റണി സര്‍ക്കാര്‍ ശിവഗിരിയില്‍ പോലീസ് നടപടി എടുത്ത ശേഷം ചില യോഗനെതാക്കളെ കോണ്ഗ്രസ് ചിഹ്നത്തില്‍ മത്സരിപ്പിച്ചിരുന്നു.അക്കൂട്ടത്തില്‍ മോഹന്‍ ശങ്കര്‍(ആര്‍ ശങ്കറിന്റെ മകന്‍) കോട്ടയത്ത് മത്സരിക്കട്ടെ എന്നൊരു നിര്‍ദേശം വന്നു.എതിരാളി ടി കെ രാമകൃഷ്ണന്‍.ക്രിസ്ത്യന്‍ വോട്ടുകളുടെ മൊത്ത വില്പന പത്ര മുത്തശ്ശിയും ,സഭയും,കുഞ്ഞൂഞ്ഞും കൂടി ഏറ്റു. ആര്‍ ശങ്കറിന്റെ മകന്‍ എന്ന നിലയില്‍ കിട്ടാവുന്ന ഈഴവ വോട്ടുകളുടെ കണക്കും കൂടി ആയപ്പോള്‍ കല്പിത ഭൂരിപക്ഷം ലക്ഷം കടന്നു.പച്ച വെള്ളം ചവച്ചു കുടിക്കുന്ന മോഹന്‍ ശങ്കര്‍ പകല്‍ക്കിനാവ്കള്‍ ഒരുപാടു കാണാന്‍ തുടങ്ങി.പെട്ടി പൊട്ടിച്ചപ്പോള്‍ മോഹന്‍ ശങ്കര്‍ എട്ടാം നിലയില്‍ പൊട്ടി.

കേരള കൊണ്‌ഗ്രെസ്സ് ജന്മം കൊണ്ട നഗരം ,പിടി ചാക്കോയുടെ സ്വന്തം നഗരം അതാണ് കോട്ടയം.(പിന്നെയാണ് കരിങ്ങോഴക്കല്‍ മാണി മാണി കേരളത്തിലെ അക്കേഷ്യ ആയി വളരുന്നതും പാലാ രാമപുരം ചന്ത കുഞ്ഞാടുകളുടെ പുതിയ ജരുസലെമാകുന്നതും.) ആര്‍ ശങ്കറിന്റെ കുതികാല്‍ വെട്ടാന് ചാക്കോയുടെ മരണത്തിനു കാരണം എന്ന് വിശ്വസിക്കുന്ന കുഞ്ഞാടുകള്‍ ഒരുപാടുണ്ട് ഈ പറുദീസയില്‍.നീയല്ലെങ്കില്‍ നിന്റെ അച്ഛന്‍ എന്ന ന്യായം പറഞ്ഞു അവര്‍ കൃത്യമായി അരിവാളില്‍ കുത്തി.ഈ ബുദ്ധിയുടെ പ്രയോക്താവ് കുഞ്ഞൂഞ്ഞായിരുന്നുവത്രേ.(ചെറിയാന്‍ ഫിലിപ്പ് പല അവസരങ്ങളിലും കുഞ്ഞൂഞ്ഞിന്റെ ഇത്തരം കഴിവുകളെ പൊളിച്ചു കാട്ടിയിട്ടുണ്ട്).

ഇതപര്യന്തമുള്ള കൊണ്‌ഗ്രെസ് രാഷ്ട്രീയം പരിസോധിച്ചാല്‍ കേരളത്തിലെ കൊണ്‌ഗ്രെസ്സില്‍ ക്രിസ്ത്യന്‍ താത്പര്യം മാത്രമായിരുന്നു വിളയാടിയിരുന്നത് എന്ന് കാണാം.അതൊക്കെ തന്നെ പത്ര മുത്തശ്ശിയു ടെ സ്‌പോണ്‌സര്‍ ഷിപ്പില്‍ നടന്ന കാര്യങ്ങള്‍ ആയിരുന്നു.

renjithn4k 6

കരുണാകരനെ മറക്കുന്നില്ല. കരുണാകരനെയും കൂട്ടരെയും പടിയിറക്കാന്‍ കുഞ്ഞൂഞ്ഞിനോപ്പം രമേശും നന്നായി അധ്വാനിച്ചു.തിരികെ എത്തിയ മുരളീധരന്‍ എത്ര നാണം കെട്ടു.എന്നാല്‍ തരം കിട്ടുമ്പോഴൊക്കെ ലീഡറെ പിന്നില്‍ നിന്ന് കുത്താന്‍ പത്ര മുത്തശ്ശി മറന്നിട്ടില്ല.മസ്‌കെറ്റ് ഹോട്ടലില്‍ നീന്തല്‍ക്കുളത്തില്‍ ചൂടുവെള്ളം വരുന്ന വാര്‍ത്തയും,അപകടത്തില്‍ പരുക്കേറ്റ കരുണാകരന്റെ കാറിന്റെ ചിത്രം കാണിച്ചതിന് ശേഷം ,അതില്‍ ഉണ്ടായിരുന്ന പെട്ടിയെ പറ്റി വാര്‍ത്തയില്‍ സംശയം പ്രകടിപ്പിച്ചതുമൊക്കെ ആ സ്‌നേഹത്തിന് ഉദാഹരണം.എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് കയ്യാലയുടെ— (കടപ്പാട് :പ്രജ ,രഞ്ജി പണിക്കെര്‍,) കഥക്കൂട്ടുകളില്‍ നിര്‌ദോഷമായ ചില കാര്യങ്ങള്‍ പോലെ ഇതൊക്കെ വന്നിട്ടുണ്ട്.അന്നദാതാ സുഖിനോ ഭവന്തു എന്നാണ് എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ആപ്തവാക്യം.

എന്നാല്‍ ക്രിസ്ത്യാനി ആയിരുന്നിട്ടും യഥാര്‍ത്ഥ ആദര്‍ശവാനായിരുന്ന എം എ ജോണിനെ ഒതുക്കിയത് ഓര്‍ക്കുക.വിമോചന സമരത്തിലെ പത്ര മുത്തശ്ശിയുടെ പൂതനാ വേഷം അറിയാന്‍ ഡോക്ടര്‍ തോമസ് ഐസക്ക് വിമോചന സമരത്തെക്കുറിച്ച് എഴുതിയ പുസ്തകം വായിക്കുക.(വിമോചന സമരത്തിനു ചിലവിനായി മന്നത്തിനെ ഏല്പിച്ച ഭീമമായ തുകക്ക്  മന്നം കണക്ക് വെക്കുകയും ,അണ പൈ വിടാതെ ബാക്കി വന്ന തുക തന്നവരെ തിരിചെല്പിക്കുകയും ചെയ്തതായി പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ സി ജോണ് തന്റെ വിഖ്യാത പുസ്തകത്തില്‍ ,The Melting Pot, സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ആ പണം തിരിച്ചു വാങ്ങിയവര്‍ ആരെന്നും അവര്‍ അതെന്തു ചെയ്തു എന്നും ശ്രീ ജോണ് പറഞ്ഞിട്ടേയില്ല)

renjithn4k7

ഇപ്പോള്‍ നടക്കുന്നത് ഹൈക്കമാന്റിന്റെ അറിവോടെ രമേശ്  ചെന്നിത്തലയെ ഉച്ചാടനം ചെയ്യാനുള്ള നീക്കമാണ്.അതിനായാണ് അദ്ധേഹത്തെ നായരായി ബ്രാണ്ട് ചെയ്യുന്നത്.നായര്‍ എന്ന് പറഞ്ഞാല്‍ എന്തോ അധമ വസ്തുവാണ് എന്ന രീതിയിലുള്ള പ്രചരണം അന്തരീക്ഷത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.നായരാവുക എന്നുള്ളത് മുഖ്യമന്ത്രിയാവാനുള്ള ഒരു യോഗ്യതയല്ല.എന്നാല്‍ നായരാവുക എന്നതാണ് രമേശ്  ചെന്നിത്തലയുടെ അയോഗ്യത എന്ന രീതിയിലാണ് കാര്യങ്ങള്‍.

സോഷ്യല്‍ മീഡിയ യില്‍ രമേശിന്/സുകുമാരന്‍നായര്‍ക്ക്  എതിരായി പറയുന്ന യു ഡിഎഫ് അനുകൂലികളുടെ മതം പരിശോധിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും.കൃത്യമായ വംശീയത ,അസൂയ തുടങ്ങിയ വികാരങ്ങള്‍ വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്താണ് യു ഡി എഫു അനുകൂലികള്‍ സംസാരിക്കുന്നത്.പാണക്കാട്ട് തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം സുകുമാരന്‍ നായരോ ,വെള്ളാപ്പള്ളിയോ പറഞ്ഞാല്‍ അത് ഫാസിസം എന്നൊക്കെ പറഞ്ഞാല്‍ നല്ല നമസ്‌കാരം പറയാനെ പറ്റൂ.പാണക്കാട് തങ്ങള്‍ ദൈവമാണോ ,മനുഷ്യനാണോ അതോ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആണോ എന്നുള്ള ആര്യാടന്‍ മുഹമ്മദിന്റെ സമസ്യ ഇതുവരെ പൂരിതമായിട്ടില്ല.

ഏറ്റവും രസകരം മറുപക്ഷത്തിന്റെ നിലപാടാണ്.ഇടതുപക്ഷ നേതാക്കള്‍ പൊതുവെയും ,സി പി എം നേതാക്കള്‍ പ്രത്യേകിച്ചും പറയുന്നത് കേട്ടാല്‍ ഇവരാരും തന്നെ പെരുന്നയിലോ ,കണിച്ചു കുളങ്ങരയിലോ,ദേവലോകത്തോ ഒന്നും പോയിട്ടില്ല എന്ന് തോന്നും.പെരുന്നയിലെ ഫത്വ കാരണം ദേവസ്വം വകുപ്പ് ജി സുധാകരനില്‍ നിന്നെടുത്ത് കടന്നപ്പള്ളിക്ക് കൊടുക്കുകയും ,നിര്‍ദിഷ്ട ദേവസ്വം ബില്‍ പരണത്ത് വെക്കുകയും ചെയ്ത കാര്യം അത്ര പെട്ടെന്ന് ആരും മറക്കില്ല.ഇപ്പോള്‍ നടത്തുന്ന ഈ ആദര്‍ശ ഗീര്‍വാണങ്ങള്‍ രാത്രി കൂടെ കിടന്നവളെ പകല്‍ തള്ളിപ്പറയുന്നത് പോലെയാണ്.

ഒരൊറ്റ റിപബ്ലിക് ദിനം കൊണ്ട് സാക്ഷാല്‍ മന്നത്തപ്പനെ മലര്‍ത്തിയടിച്ച പാരമ്പര്യമാണ് കൊണ്‌ഗ്രെസ്സിന്റെത്.(പദ്മഭൂഷന്‍).സിങ്ങപൂരിലെ കസേര കാട്ടി കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയേയും മെരുക്കി.സുകുമാരന്‍ നായര്‍ക്ക് ഒരു പക്ഷെ ഭാരത രത്‌നമായിരിക്കും ഓഫര്‍ ചെയ്യുക.

എന്തായാലും ശ്രീ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയാല്‍ നായന്മാര്‍ക് എന്തെങ്കിലും ഗുണമുണ്ടാവുമെന്നോ,മദ്രസാ അധ്യാപകര്‍ക്കുള്ള ധന സഹായം പോലെ കരയോഗം പ്രസിഡന്റ് മാര്‍ക്ക് ശമ്പളം ,പെന്‍ഷന്‍ ഇവയൊക്കെ കൊടുക്കുമെന്നോ അഡ്വ ബി ബാബുപ്രസാദ് പോലും വിശ്വസിക്കില്ല.

renjithn4k 8

ഇപ്പോള്‍ നടക്കുന്ന കോലാഹലം ഒരു പ്രഫഷണല്‍ ചതിയുടെ അനുരണനങ്ങള്‍ മാത്രമാണ്.അതില്‍ മതമില്ല ,ജാതിയില്ല ,മതേതരത്വം തീരെയില്ല..ഉള്ളത് കള്ളവും ചതിയും കുതികാല്‍ വെട്ടും മാത്രം..

വാല്‍ക്കഷണം

2004 ല്‍ കേരളത്തില്‍ നിന്നുള്ള അഞ്ചു  എം പി മാര്‍ക്ക് ദല്‍ഹിയില്‍ ഒരു സീകരണം നല്‍കിയതായി പണ്ട് മനോരമയില്‍ വന്ന ഒരു വാര്‍ത്ത! ഇതോടൊപ്പം ചേര്‍ക്കുന്നു.ദല്‍ഹി കത്തോലിക് അസോസിയേഷന്‍ ആയിരുന്നു സ്വീകരണം സംഘടിപ്പിച്ചതു.

RC -9

എം പി മാരുടെ പേരും പാര്‍ട്ടിയും മുന്നണിയും താഴെ പറയുന്നു.

1.പി സി തോമസ് – IFDP – NDA

2.ഡോ സെബാസ്ട്യന്‍ പോള്‍  – CPM Independant – L D F

3.ഡോ കെ എസ് മനോജ്  ഇജങ – CPM – L D F

4.ലോനപ്പന്‍ നമ്പാടന്‍  ഇജങ – CPM – L D F

5.ഫ്രാന്‍സിസ് ജോര്‍ജ്ജ്  – K C (Joseph) – L D F

വാര്‍ത്തയില്‍ പറയുന്നത് കേരളത്തില്‍ നിന്നുള്ള അഞ്ചു ക്രിസ്ത്യന്‍ എം പി മാര്‍ക്ക് സ്വീകരണം നല്‍കി  എന്നാണ്.സമാന സാഹചര്യത്തില്‍ K N ബാലഗോപാല്‍, നായര്‍ എം പി എന്ന നിലയില്‍ / വര്‍ക്കല രാധാകൃഷ്ണന്‍ ഈഴവ എം പി എന്ന നിലയില്‍  സ്വീകരണം ഏറ്റുവാങ്ങുമോ എന്നത് ചിന്ത്യം.

സാരാംശം.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി…..

പാര്‍ടി ഏതായാലും മതം ഒന്നായാല്‍ മതി…..

എഴുതിയത് : രഞ്ജിത് ജി കാഞ്ഞിരത്തില്‍

രഞ്ജിത്  കാഞ്ഞിരത്തില്‍ ലേഖനങ്ങള്‍  ::

<

Leave a Reply

Your email address will not be published. Required fields are marked *

*