Home » News » 2012 ലേക്കൊരു തിരിഞ്ഞു നോട്ടം

2012 ലേക്കൊരു തിരിഞ്ഞു നോട്ടം

ഒരു വര്ഷം നമ്മുടെ കണ്ണിന മുന്നില്‍ നിന്നും മാഞ്ഞു പോകുകയായി. ഒട്ടേറെ സംഭവങ്ങള്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ നമ്മള്‍ കണ്ടും കേട്ടും കഴിഞ്ഞിരിക്കുന്നു. രാജ്യം വളര്‍ച്ചയുടെ കൊടുമുടി കേറുന്നത് മുതല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ ദാരുണ മരണം വരെ… ഈ സംഭവ വികാസങ്ങളിലേക്ക് വീണ്ടുമൊരു തിരിഞ്ഞുനോട്ടം…

World 2012:

 • ഒബാമയ്ക്ക്‌ രണ്ടാമൂഴം

കറുത്ത വര്‍ഗ്ഗക്കാരനായ ബാരക്ക് ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിയായ മിറ്റ് റോമനിയെ പരാജപ്പെടുത്തിയാണ് വൈറ്റ് ഹൗസിന്‍റെ താക്കോല്‍ ഒബാമയും മിഷേലും സ്വന്തമാക്കിയത്.

 • ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ്

ഇസ്രായേല്‍ വംശജന്‍ സം ബാക്കില്‍സ് സംവിധാനം ചെയ്ത ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ് എന്ന ചിത്രത്തിലെ ദൃശ്യങ്ങളുടെ പേരില്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ അമേരിക്കയ്ക്കെതിരെ വന്‍ പ്രക്ഷോഭം ഉണ്ടായി. ലോകമെമ്പാടുമായി 30 ജീവനുകളാണ് ഇതിന്റെ പേരില്‍ പൊലിഞ്ഞത്.

 • ജീവന്റെ തുടിപ്പുകള്‍ തേടി “ക്യൂരിയോസിറ്റി”

ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ തേടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജെന്സിയായ ക്യൂരിയോസിറ്റി പുറപ്പെട്ടത്‌ 2012 ല്‍ ആയിരുന്നു. ഒമ്പത് മാസത്തെ യാത്രക്കൊടുവിലാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തിയത്. ചൊവ്വയില്‍ ഭൂമിയിലെതിനു സമമായ രാസഘടനയുള്ള പാറക്കല്ല് കണ്ടെത്തിയതും, അരുവികള്‍ക്ക് തെളിവായി ചരല്‍ത്തിട്ട കണ്ടെത്തിയതും ശാസ്ത്രലോകത്തിന് പുതിയ വഴിത്തിരിവായി.

 • മലാല യൂസഫ്സായ്‌

പാക്കിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയാണ് മലാല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങലെ പറ്റി തന്റെ ഡയറിക്കുറിപ്പിലൂടെ ലോകത്തെ അറീച്ചത്‌ മുതലാണ്‌ മലാല താലിബാന്‍ തീവ്രവാദികളുടെ കണ്ണിലെ കരടായി മാറിയത്. താലിബാൻ നിയന്ത്രണത്തിലുള്ള സ്വാത്ത് താഴ്വരയിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സി വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധേയമാക്കിയത്. സ്കൂളില്‍ നിന്നും വരുന്നവഴി പാക്താലിബാന്‍ തീവ്രവാദികള്‍ മലലക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ഇപ്പഴും ബ്രിട്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മലാല. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.

 • അസ്വസ്ഥമാകുന്ന ഗാസ

മനുഷ്യക്കുരുതിയായി മാറിയ സംഘര്‍ഷമായിരുന്നു ഇസ്രയേലും ഹമാസും തമ്മില്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ആക്രമണമായിരുന്നു ഇസ്രയേല്‍ പലസ്തീനു നേരെ അഴിച്ചു വിട്ടത്. ആക്രമണത്തില്‍ ഹമാസ് നേതാവ് അഹമ്മദ് അല്‍ ജബെരി കൊല്ലപ്പെട്ടു. ഇസ്രയേല്‍ പട നടത്തിയ വ്യോമാക്രമണത്തില്‍ നിരപരാധികളായ കുട്ടികളടക്കം നൂറിലധികം പേരാണ് മരിച്ചത്. ഒടുവില്‍ ഐക്യ രാഷ്ട്ര സഭയുടെയും മറ്റു രാഷ്ട്രങ്ങളുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം നിര്‍ത്തലാക്കിയത്.

ദേശീയം :

 • ലോക്പാല്‍

വാര്‍ത്തകളില്‍ വര്ഷം മുഴുവന്‍ നിറഞ്ഞു നിന്നത് ലോക്പാല്‍ ബില്ലായിരുന്നു. ഏറെ ദിവസങ്ങളുടെ സമരങ്ങള്‍ക്കൊടുവില്‍ അഴിമതി തുടച്ചു നീക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. രാജ്യസഭാ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പൊള്‍ ലോക്പാല്‍.

 • അജ്മല്‍ കസബിനെ തൂക്കിലേറ്റി

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റി. ദയാഹര്‍ജി രാഷ്ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി തള്ളിയതിനെ തുടര്‍ന്ന് അതീവ രഹസ്യമായി കനത്ത സുരക്ഷയിലാണ് വധശിക്ഷ നടപ്പിലാക്കിയത്.

 • പ്രണബ്‌ കുമാര്‍ മുഖര്‍ജി പ്രഥമ പൗരന്‍

ഇന്ത്യയുടെ 13ആം രാഷ്ട്രപതിയായി പ്രണബ്‌ കുമാര്‍ മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ലോക്സഭ സ്പീക്കര്‍ പി.സ്.സാങ്ങ്മയെ പിന്തള്ളിയാണ് പ്രണബ്‌ റൈസീന കുന്നു കയറിയത്.

 • കൂടംകുളം കത്തുന്നു

കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നു. പുതിയ സമര മുഖങ്ങളുമായി തദ്ദേശ വാസികള്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരും അണി ചേരുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.എസ് സമരത്തിന്‌ പിന്തുണ നല്കിയതും പ്രശ്നങ്ങള്‍ക്ക് വഴി വച്ചു.

 • 7 സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാരുകള്‍

ഉത്തര്‍പ്രദേശില്‍ 7 ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് യാദവിന്‍റെ മകന്‍ അഖിലേഷ്‌ യാദവ്‌ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ട്, ഗോവ, ഹിമാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരമേറ്റു. ഗുജറാത്തില്‍ നരേന്ദ്ര മോഡി ഹാട്രിക് വിജയം നേടി. പഞ്ചാബില്‍ തൂക്കു സര്‍ക്കാര്‍ ആയിരുന്നു.

 • ആം ആദ്മി പാര്‍ട്ടി

അന്ന ഹസാരെ സംഘത്തിലെ പ്രധാനി, അരവിന്ദ്‌ കേജരിവാള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

 • ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച ബില്ലിന് അംഗീകാരം ലഭിച്ചു.
 • അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റം

ശിവസേന നേതാവ്‌ ബാല്താക്കരെയുടെ മരണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റും, അതിനെ ചൊല്ലിയുള്ള അറസ്റ്റും അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമായി.

 • ഡല്‍ഹി കൂട്ട മാനഭംഗം

ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയാകുകയും പിന്നീടു മരണപ്പെട്ടതുമായ സംഭവത്തില്‍ രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സമര മുഖങ്ങള്‍ക്കു തലസ്ഥാനം സാക്ഷിയായി. രാജ്യമെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒടുവില്‍ മാനഭംഗ കുറ്റത്തിന് 30 വര്ഷം കഠിന തടവും ഷണ്ഡീകരണവും നടത്താനുള്ള നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ കരടു ബില്‍ തയ്യാറാക്കി.

കേരളം:

 • മണിയുടെ വിവാദ പ്രസംഗം

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള സി.പി.ഐ(എം) ഇടുക്കി ജില്ല സെക്രട്ടറി എം.എം.മണിയുടെ പ്രസംഗം വിവാദമായി. വൈരികളെ ഇല്ലാതാക്കുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്ന മണിയുടെ പ്രസ്ഥാപനയുടെ വെളിച്ചത്തില്‍, അഞ്ചേരി ബേബി, മത്തായി വധക്കേസുകളില്‍ പുനരന്വേഷണവും നടന്നു. നുണ പരിശോധനയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് മണിയെ അറസ്റ്റു ചെയ്തത് ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.

 • എമേര്‍ജിംഗ് കേരള

എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം കൊച്ചിയില്‍ നടന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകത്തിനുമുന്നില്‍ കേരളത്തിന്‍റെ സാധ്യതകളെ പരിച്ചപ്പെടുത്ത്താനുള്ള സര്‍ക്കാര്‍ ശ്രമമായിരുന്നു ഈ പദ്ധതി.

 • കടലിലെ കൊല

2 മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊന്നതിന് 2 ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്തു. ക്രിസ്ത്മസ് ആഘോഷിക്കുന്നതിനായി നാവികള്‍ ഇപ്പോള്‍ ജന്മ ദേശത്താണ്.

 • ടി.പി.വധം

കോളിളക്കം സൃഷ്‌ടിച്ച ടി.പി.ചന്ദ്രശേഖരന്‍ വധം. മുന്‍ മാര്‍കിസ്റ്റ് പ്രവര്‍ത്തകന്‍ ടി.പി.യുടെ അതി ക്രൂരവും, പൈശാചികവുമായ കൊലപാതകം കേരളത്തെ ആകെ പിടിച്ചു കുലുക്കിയ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തിയ ഒന്നായിരുന്നു ടി.പി. വധം.

 • ചാല ദുരന്തം

ഉത്രാട പാച്ചിലിനിടയില്‍ മലയാളികളെ കണ്ണീരിലാഴ്ത്തിയ ചാല ടാങ്കര്‍ ദുരന്തം. 20 വിലപ്പെട്ട ജീവനുകളാണ് ഈ ദുരന്തത്തില്‍ പൊലിഞ്ഞത്. നിരപധി പേര്‍ക്ക് പോള്ളലേറ്റു.

 • നഴ്സുമാരുടെ സമരം

തൃശ്ശൂരില്‍ നഴ്സുമാര്‍ നടത്തിയ സമരം കേരളത്തില്‍ ഏറെ ചര്‍ച്ച വിഷയമായി. തങ്ങളുടെ ആവശ്യങ്ങള്‍ അങ്കീകരിച്ചു കിട്ടുന്നത് വരെ അവര്‍ സമരം ചെയ്തു. കണ്ണൂരിലും നഴ്സുമാരുടെ സമരം ഉണ്ടായി. ഏറെ ദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം ഒത്തു തീര്‍ന്നത്.

 • കൊച്ചി മെട്രോ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോ യാദാര്‍ത്ഥൃമാകുന്നു. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഇ. ശ്രീധരന്റെ പങ്കാളിത്തത്തിലാണ് ഈ സ്വപ്നം യാദാര്‍ത്ഥൃമാകാന്‍ പോകുന്നത്. ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ജനുവരി 8നാണ് കൈക്കൊള്ളുന്നത്.

കായികം:

 

 • ഉയര്‍ച്ചയും താഴ്ചയും

6 ഒളിമ്പിക് മെഡലുകള്‍ എന്ന ഏക്കാലത്തെയും മികച്ച നേട്ടം കൈവരിച്ച ലണ്ടന്‍ ഒളിബിക്സ്‌. ദേശീയ വിനോദമായ ഹോക്കിയിലെ കാലിടര്‍ച്ച. ടെന്നീസ് രംഗത്തെ പടല പിണക്കങ്ങള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ സസ്പെന്‍ഷന്‍., സംഭവ ബഹുലമായിരുന്നു ഇന്ത്യന്‍ കായിക രംഗം.

 • വേഗത്തിന്‍റെ രാജകുമാരന്‍

100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ തുടര്‍ച്ചയായി ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി ജമൈക്കന്‍ താരം ഉസൈന്‍ബോള്‍ട്ട് ചരിത്രത്തിലിടം നേടി.

 • വൈകല്യത്തെ തോല്‍പ്പിച്ച് ഓസ്കാര്‍ പിസ്റ്റോറിയസ്സ്

ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 400 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓസ്കാര്‍ പിസ്റ്റോറിയസ്സ് രണ്ടു കൃത്രിമ കാലുകളുമായി ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ കായിക താരമായി.

 • സെഞ്ച്വറികളുടെ സെഞ്ചൂറിയന്‍

നീണ്ട കാത്തിരിപ്പുകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി തികച്ചു. റെക്കോര്‍ഡ്‌കളുടെ തോഴന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തില്‍ ആരാധകരെ ഈറനണിയിച്ചതും ഈ വര്ഷം തന്നെ.

 • മെസ്സി ദി ബെസ്റ്റ്‌

ലോക ഫുട്ബോളറായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി മുള്ളറില്‍ നിന്നും മെസ്സി സ്വന്തമാക്കി. 40 വര്‍ഷം പഴക്കമുള്ള 85 ഗോളുകളുടെ റെക്കോര്‍ഡ്‌ ആണ് 91 ഗോളുകള്‍ വലയിലാകി ഈ ബാര്സിലോനിയന്‍ താരം സ്വന്തം പേരിലാക്കിയത്.

 • വന്മതില്‍ വിടവാങ്ങി

ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ രാഹുല്‍ ദ്രാവിഡ്‌ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കെറ്റില്‍ നിന്നും വിരമിച്ചു. പതിനാറു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ വന്മതിലായി നിലകൊണ്ട ദ്രാവിഡ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌നു തീരാ നഷ്ടം തന്നെയാണ്.

 • വി.വി.എസ്.ലക്ഷ്മണ്‍ വിരമിച്ചു

ടെസ്റ്റ്‌ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വി.വി.എസ്.ലക്ഷ്മണ്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വെരി വെരി സ്പെഷ്യല്‍ ആയ ആ ബാറ്റിന് ഇനി വിശ്രമത്തിന്‍റെ നാളുകള്‍…

ടെക്നോളജി:

 • വിന്‍ഡോസ്‌ 8

പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും, ടാബ്ലെറ്റുകളിലും, ഹോംതിയേറ്റര്‍ പിസികളിലും ഉപയോഗിക്കാവുന്ന മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ്‌ 8 റിലീസ് ചെയ്തു.

 • ഗൂഗിള്‍ കണ്ണട

കണ്ടാൽ സാധാരണ കണ്ണടയാണ് വച്ചിരിക്കുനന്നുവെന്നെ തോന്നൂ… പക്ഷെ അത് വച്ചിരിക്കുന്നയാള്‍ കാണുന്നതു ഒരു മായിക ലോകമാവും. ശരിക്കു പറഞ്ഞാൽ ഒരു കമ്പ്യൂട്ടർ സ്ക്രീനിന് സമാനമായൊരു കണ്ണട. ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന ഈ കണ്ണട ക്യാമറയും മ്യൂസിക്കും എല്ലാം ചേർന്ന് കണ്ണിനുള്ളിൽ ഒരു പെർഫക്ട് ഗാഡ്ജറ്റാണ് സൃഷ്ടിക്കുക. ഇനി വഴി തെറ്റുമെന്നോ, ആളുകളെ മറക്കുമെന്നോ പേടി വേണ്ട എല്ലാം മാജിക്ക് കണ്ണടയുടെ കൈകളില്‍ ഭദ്രം.

 • പ്രപഞ്ചത്തില്‍ മറ്റൊരു ഭൂമി?

ഭൂമിയെ കവച്ചു വെക്കുന്ന ആവാസ വ്യവസ്ഥയുള്ള ഗ്രഹം പ്രപഞ്ചത്തില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ഭൂമിയില്‍ നിന്നും 4.4 പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹം ജീവന്‍റെ തുടിപ് നിലനിര്‍ത്താന്‍ അതിന്‍റെ നക്ഷത്രത്തിന് അടുത്തായിരിക്കും എന്ന് അനുമാനിക്കുന്നു. ദ്രവാവസ്ഥയിലുള്ള ജലവും ജീവന്റെ ഉത്ഭവത്തിന് സഹായകമായ സാഹചര്യങ്ങളും ഈ ഗ്രഹങ്ങളില്‍ ഉണ്ടാകുമെന്നും ശാസ്ത്രസംഘം ചൂണ്ടിക്കാണിക്കുന്നു.

 • വോസ്തക് തടാകം കണ്ടെത്തി

ഹിമാപാളികല്‍ക്കടിയില്‍ മറഞ്ഞിരുന്ന വോസ്തക് തടാകം വര്‍ഷങ്ങളുടെ പര്യവേഷണങ്ങള്‍ക്കൊടുവില്‍ റഷ്യന്‍ ശാസ്ത്രജനര്‍ കണ്ടെത്തി. 14 മില്യണ്‍ വര്‍ഷമാണ് തടാകത്തിന്‍റെ പഴക്കം എന്ന് കരുതപ്പെടുന്നു. മഞ്ഞുപാളികളുടെ ലാളനയില്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ തടാകമാണിത്. സൂക്ഷ്മ ജീവികളുടെ സാനിധ്യവും ഇവിടെ കണ്ടെതിയിടുണ്ട്

 • ജനിതക ക്രമ നിര്‍ണയ പ്രക്രിയ (ജീനോം സീക്വന്‍സിങ്)

വ്യക്തിഗതമായ ചികിത്സാരീതി എന്ന സങ്കല്‍പ്പത്തിന് മിഴിവേകിക്കൊണ്ട് ഒരു പൂര്‍ണ ജനിതക ക്രമ നിര്‍ണയ പ്രക്രിയ (ജീനോം സീക്വന്‍സിങ്) സാധ്യമായിരിക്കുന്നു. രക്ത സാമ്പിളോ, കവിളില്‍ നിന്നെടുക്കുന്ന ഉമിനീരോ ആണ് ജനിതക വിശകലനത്തിന് ഉപയോഗിക്കുന്നത്. രോഗ സാധ്യതയും ശരീരത്തില്‍ ഫലിക്കുന്ന മരുന്നുകളുമെല്ലാം ജീനുകള്‍ ഡോക്ടര്‍ക്ക് പറഞ്ഞു നല്‍കും. അര്‍ബുദ സാധ്യത തുടങ്ങി ഭാവിയിലുണ്ടായേക്കാവുന്ന പൊണ്ണത്തടി വരെ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദം:

 • ഓസ്കാര്‍ പട്ടികയില്‍ ഇന്ത്യന്‍ സിനിമകള്‍

എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകളുടെ ചുരുക്കപ്പട്ടികയില്‍ മലയാളചിത്രം ആകാശത്തിന്റെ നിറം ഇടം പിടിച്ചു. മികച്ച ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ചുരുക്കപട്ടികയില്‍ എത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം. അനുരാഗ് ബസു സംവിധാനം ചെയത് രണബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര ഏന്നിവര്‍ അഭിനയിച്ച ഹിന്ദി ചിത്രം ബര്ഫിയാണ് മറ്റൊന്ന്. മികച്ച വിദേശ ചിത്രത്തിനുള്ള മത്സരത്തിലായിരുന്നു ബര്‍ഫി. മത്സരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക്‌ വേണ്ടി ആവശ്യമായ വോട്ടുകള്‍ കിട്ടത്തൈനെ തുടര്‍ന്ന് സിനിമ പുറത്തായി.

 • ഗന്നം സ്റ്റൈല്‍

യുട്യുബില്‍ ചരിത്രം സൃഷ്ടിച്ച് ദക്ഷിണ കൊറിയന്‍ പോപ്പ് ഗായകന്‍ സൈയുടെ ഗന്നം സ്റ്റൈല്‍ തരഗമായി. ഇതിനോടകം തന്നെ 100 കൊടിപ്പേര്‍ ഈ ഗാനം യു ട്യുബില്‍ കണ്ടു കഴിഞ്ഞു.

 • ന്യൂ ജെനറേഷന്‍ സിനിമകളുടെ കടന്നുകയറ്റം

2012 മലയാള സിനിമയില്‍ ന്യൂ ജെനറേഷന്‍ സിനിമകളുടെ കടന്നു കയറ്റമായിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പല സിനിമകളും ഈ വര്ഷം തീയെറ്ററുകളില്‍ എത്തി. മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഇത്തരം സിനിമകള്‍ക്ക്‌ ഒരളവു വരെ സഹായകമായി. ഈ അടുത്ത കാലത്ത്, 22 ഫീമേല്‍ കോട്ടയം, ട്രിവാഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകള്‍ മലയാളികളെ ഏറെ ചിന്തിപ്പിച്ച വര്ഷം കൂടിയായിരുന്ന്നു 2012.

 • താര വിവാഹങ്ങള്‍

ബോളിവുഡ് താരങ്ങളായ സേഫ് അലി ഖാന്‍ – കരീന കപൂര്‍, റിതേഷ് ദേശ്മുഖ് – ജനീലിയ എന്നിവര്‍ വിവാഹിതരായി. കുറെ വര്‍ഷങ്ങളായുള്ള പ്രണയമാണ് കല്യാണത്തില്‍ എത്തിയത്. മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ അവാര്‍ഡ്‌ നേടിയ മലയാളി താരം വിദ്യാ ബാലനും യു.ടി.വി സി.ഇ.ഒ സിദ്ധാര്‍ത് റോയ്‌ കപൂറും വിവാഹിതരായി. മലയാള സിനിമയുടെ നായികാ പദവിയില്‍ നിന്ന് സംവൃത സുനിലും വിവാഹ ജീവിതത്തിലേക്ക് വഴി മാറി. മലയാളികളുടെ യുവ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ തന്റെ ഏറെ നാളുകള്‍ക്കുള്ള പ്രണയത്തിനോടുവില്‍ വിവാഹിതനായി. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം.

2012-ലെ നഷ്ടങ്ങള്‍:::

 • ബാല്‍ താക്കറെ

ശിവസേന നേതാവ് ബാല്‍ താക്കറെ നവംബര്‍ 17ന് ലോകത്തോട്‌ വിട പറഞ്ഞു. മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തിയദിനം. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണുവാന്‍ തെരുവുകളില്‍ തടിച്ചുകൂടിയത്. മുംബൈ നഗരം ഒരു ബന്ദിന് സമാനമായി മാറി. നാലരപതിറ്റാണ്ട് മുന്‍പ് തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തന്നെ അദ്ദേഹത്തിന് ചിത ഒരുക്കി.

 • ഐ .കെ .ഗുജറാള്‍

മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജറാള്‍ അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബര്‍ 30നാണ് ലോകത്തോട് വിടപറഞ്ഞത്‌..

 • രാജേഷ്‌ ഖന്ന

ഇന്ത്യന്‍ സിനിമയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ ഓര്‍മയായി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ജൂലൈ 18നാണ് നമ്മോട് വിടപറഞ്ഞത്‌. ആനന്ദ്, കടിപതന്ഗ്, ആരാഥന്‍, അമര്‍ പ്രേം, സഫര്‍ തുടങ്ങി അനേകം ഹിറ്റുകള്‍ സമ്മാനിച്ച ഖന്ന ആരാധക ഹൃദയങ്ങളില്‍ എന്നും ചിരഞ്ജീവിയായി നിലനില്‍ക്കും.

 • യഷ് ചോപ്ര

ഇന്ത്യന്‍ സിനിമയുടെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ യഷ്ചോപ്ര വിട വാങ്ങി. അമിതാബച്ചനും, ഷാരുഖാനും അടക്കം നിരവധി താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രണയരാജാവ് തന്റെ അവസാനചിത്രത്തിന്റെ റിലീസിങ്ങിന് കാത്തുനില്‍ക്കതെയാണ് ഓര്‍മ്മത്താളുകളില്‍ മറഞ്ഞത്.

 • പണ്ഡിറ്റ്‌ രവിശങ്കര്‍

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ്‌ രവിശങ്കര്‍ ഡിസംബര്‍ 12 ന് സംഗീത ലോകത്തില്‍ നിന്ന് അരങ്ങൊഴിഞ്ഞു. തന്റെ പാണ്ഡിത്യം കൊണ്ട് ലോകപ്രശസ്തനായ രവിശങ്കരിന്റെ വിരലുകളില്‍ പൊഴിയുന്ന സംഗീതം ഇനി നമുക്ക് വെറുമൊരു ഓര്‍മ്മ മാത്രം. അദ്ദേഹത്തിന് മരണാനന്തരം ഗ്രാമി അവാര്‍ഡ് നല്‍കി ലോകം അവരെ ആദരിച്ചു.

 • ഡോ. വര്‍ഗീസ്‌ കുര്യന്‍

ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ്‌ കുര്യന്‍ സെപ്തംബര്‍ 9ന് അന്തരിച്ചു. ഇന്ത്യയില്‍ പാല്‍ ക്ഷാമം നേരിടുന്ന വേളയില്‍ ‘ഓപ്പറേഷന്‍ ഫ്ലഡ്’ എന്ന ധവളവിപ്ലവ പദ്ധതിയിലൂടെ ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് ’അമുല്‍’ കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ പ്രയത്നം ഒന്നുകൊണ്ട് മാത്രമായിരുന്നു. അങ്ങനെ അദ്ദേഹം കേരളം രാജ്യത്തിന് സമ്മാനിച്ച മഹാപുരുഷന്മാരിലൊരാളായി.

 • പിജി

ആറുപതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു പിജി എന്ന പി.ഗോവിന്ദപിള്ള നവംബര്‍ 23ന് ഓര്‍മ്മയായി. രാഷ്ട്രീയപ്രവര്‍ത്തകന്‍, നേതാവ്, ചിന്തകന്‍, നിരൂപകന്‍, പ്രഭാഷകന്‍, പത്രാധിപന്‍ തുടങ്ങി സര്‍വ്വ മേഖലകളിലും തന്റെ കൈയൊപ്പ്‌ പതിപ്പിച്ച പിജി ഒരുസര്‍വ്വ വിജ്ഞാനകോശം തന്നെയായിരുന്നു.

 • തിലകന്‍

അഭിനയത്തികവിന്റെ ആള്‍രൂപം തിലകന്‍ ഓര്‍മ്മയായി. കലാകേരളത്തിന്റെ തീരാനഷ്ടങ്ങളില്‍ ഒന്ന്. പകരംവെക്കാന്‍ ആളില്ലാത്ത മഹാപ്രതിഭ. ഭാവകലയുടെ പെരുന്തച്ചന്‍ സെപ്റ്റംബര്‌ 24നാണ് അഭിനയ ജീവിതത്തോട് വിട പറഞ്ഞത്.

 • ഡോ. സുകുമാര്‍ അഴീക്കോട്

നാവില്‍ അക്ഷരത്തിന്‍ സാഗരത്തിരയുമായി മലയാളികളുടെ ഇടനെഞ്ചില്‍ വാക്കുകള്‍ കൊണ്ട് വേലിയേറ്റങ്ങളുണ്ടാക്കിയ മഹാ പ്രതിഭ. അദ്ധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി വിശേഷണങ്ങളുടെ കൊടുമുടിയില്‍ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തനമേഖലകളില്‍ നിറഞ്ഞുനിന്ന പ്രതിഭയുടെ അന്ത്യം 84ാം വയസ്സിലായിരുന്നു.

 • സി.കെ ചന്ദ്രപ്പന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുന്നപ്ര വയലാര്‍ സമരങ്ങളിലെ നായകരില്‍ പ്രമുഘനും ‘വയലാര്‍ സ്റ്റാലിന്‍’ എന്ന പേരില്‍ പ്രശസ്തനും ആയിരുന്നു സി.കെ ചന്ദ്രപ്പന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സി.കെ, എഴുപതുകളില്‍ ഇടതുയുവജന പ്രസ്ഥാനങ്ങളിലെ ഏറ്റവും സജീവ സാന്നിധ്യമായിരുന്നു. എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഗോവ വിമോചന സമരങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, തിരുവനന്തപുരം, ഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 2012 മാര്‍ച്ച്‌ 22 ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 • ജോസ്‌ പ്രകാശ്‌

മലയാളികളുടെ സ്വന്തം വില്ലന്‍ ഓര്‍മയായി. നാല്‍പ്പതു വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന ജോസ് പ്രകാശ് മുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വില്ലന്‍ പരിവേഷത്തില്‍ തിളങ്ങിയ അദ്ദേഹം തൊണ്ണൂറുകളുടെ മധ്യത്തോടെ സ്വഭാവവേഷങ്ങളിലേയ്ക്ക് കൂടുമാറുകയായിരുന്നു. അഭിനയത്തിന്‍റെ ഏതു ഭാവമാറ്റങ്ങളിലും തന്‍റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്.

 • ക്യാപ്റ്റന്‍ ലക്ഷി

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന കാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചത്‌ 2012 ജൂലൈ 23നായിരുന്നു. കണ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‌ കേരളം സമ്മാനിച്ച വിപ്ലവ നക്ഷത്രമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സുഭാഷ്‌ ചന്ദ്ര ബോസ് രൂപം നല്‍കിയ ഐ.എന്‍.എയിലൂടെ സ്വാതന്ത്ര്യ സമര വീഥികളിലേക്ക് കടന്നു വന്ന ക്യാപ്റ്റന്‍ ലക്ഷ്മി, സ്വതന്ത്രാനന്തര ഇന്ത്യയില്‍ തൊഴിലാളികള്‍ക്കും, വനിതാ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കി. രാജ്യത്തിന്‌ മാതൃകയായ ഒരാതുര സേവിക കൂടിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. 1998-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചു.

 • ബോംബെ രവി

ചലച്ചിത്ര ഗാന ശാഖയ്ക്ക് പുതിയ തലങ്ങള്‍ നല്‍കിയ പ്രശസ്ത സംഗീതജ്ഞന്‍ ബോംബ രവി 2012 മാര്‍ച്ച്‌ 8ന് അന്തരിച്ചു. ഹിന്ദി ഗാനങ്ങള്‍ക്ക് പുറമേ മലയാളിക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ബോംബെ രവി ഈണമിട്ട മഞ്ഞള്‍പ്രസാദവും…(നഖക്ഷതങ്ങള്‍), ഇന്ദുപുഷ്പം… (വൈശാലി) എന്നിവയിലൂടെ കേരളത്തിന്റെ വാനമ്പാടി ഗായിക ചിത്രയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. അണുബാധയെ തുടര്‍ന്ന് ബോംബെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 • നവോദയ അപ്പച്ചന്‍

മലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്താനും റിസ്ക്‌ ഏറ്റെടുക്കാനും നവോദയ അപ്പച്ചന്‍ തയ്യാറായിരുന്നില്ലെങ്കില്‍ മലയാള സിനിമ ഇത്ര കണ്ടു വളരുമായിരുന്നില്ല. മാളികപ്പുരയ്ക്കല്‍ ചാക്കോ എന്ന നവോദയ അപ്പച്ചന്‍ മലയാള സിനിമയില്‍ ഒരു സംഭവം തന്നെ ആയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവും, മൈ ഡിയര്‍ കുട്ടിച്ചാത്തനും, പടയോട്ടവും മാറ്റി നിര്‍ത്തികൊണ്ട് ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുകയെന്നു പറഞ്ഞാല്‍, അതസാധ്യം. ഇദ്ദേഹത്തിന് ഏറ്റവും പ്രിയ്യപ്പെട്ട ഒന്ന് കൂടെ ഉണ്ടായിരുന്നു, ഇന്ത്യയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ കിഷ്കിന്ധ. 2012 ഏപ്രില്‍ 24 ന് മലയാള സിനിമയുടെ തമ്പുരാന് ലോകത്തോട്‌ വിട പറഞ്ഞു.

 • തരുണി സച്ദേവ്

മലയാള സിനിമയുടെ വെള്ളിനക്ഷത്രം തരുണി സച്ദേവ് നേപ്പാളില്‍ ഉണ്ടായ ഒരു വീമാനാപകടത്തില്‍ മരണപ്പെട്ടു. ഇന്ത്യന്‍ ചലച്ചിത്ര-പരസ്യ ബാല താരമായിരുന്നു തരുണി. മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് തരുണി. വെള്ളിനക്ഷത്രം കൂടാതെ സത്യം എന്ന സിനിമയിലും ഈ പെണ്‍കുട്ടി അഭിനയിച്ചു. 2012 മെയ്‌ 14 ന് ആയിരുന്നു അപകടം നടന്നത്. തരുണിയുടെ അമ്മ ഗീതയും അപകടത്തില്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*